News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 25, 2021, 4:51 PM IST
India Axar Patel Kohli
അഹമ്മദാബാദ്: പുതുക്കി പണിത മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറി. ഇംഗ്ലണ്ടിന് 112 റൺസിന് പുറത്താക്കിയ ഇന്ത്യ ഇന്ന് 145 റൺസിന് പുറത്തായതോടെ മൂന്നാം ടെസ്റ്റ് ആവേശകരമായി മാറി. അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ടിന്‍റെയും നാലുവിക്കറ്റെടുത്ത ജാക്ലീഷിന്റെയും സ്പിൻ ബോളിങ്ങിന് മുന്നിലാണ് പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ് നിരയും തകർന്നടിഞ്ഞത്. വമ്പൻ ലീഡ് നേടി മത്സരം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് 33 റൺസിന്‍റെ മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ്. എന്നാൽ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്‍റെ തുടക്കവും തകർച്ചയോടെയാണ് ഒരു റൺസെടുക്കുന്നതിനിടെ അവർക്ക് രണ്ടു വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. അക്ഷർ പട്ടേലിനാണ് രണ്ടു വിക്കറ്റും. ക്രോളിയെയും ജോണി ബെയർസ്റ്റോയെയും പട്ടേൽ ക്ലീൻ ബോൾഡാക്കുകയായിരുന്നു. അക്ഷർ പട്ടേൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെയാണ് ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റുകളും നഷ്ടമായത്.
മൂന്നിന് 99 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശര്‍മ 66 റൺസെടുത്ത് പുറത്തായി. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്ന് മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകന്‍ ജോറൂട്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ കഥ കഴിക്കുന്നതാണ് പിന്നീട് കണ്ടത്. ഉറച്ച പിന്തുണയുമായി ജാക്ക് ലീഷും ചേർന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 145ന് അവസാനിക്കുകയായിരുന്നു.
Also Read-
പൃഥ്വി ഷായ്ക്ക് ഇരട്ട സെഞ്ച്വറി; 50 ഓവറിൽ മുംബൈ അടിച്ചുകൂട്ടിയത് 457 റൺസ്
റിഷഭ് പന്ത് (ഒന്ന്), വാഷിങ്ടണ്‍ സുന്ദര്‍ (പൂജ്യം, അക്ഷർ പട്ടേല്‍ (0), ജസ്പ്രീത് ബുംറ (1) എന്നിവരെ റൂട്ട് പുറത്താക്കി. രണ്ടാം ടെസ്റ്റിൽ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയശിൽപിയായി മാറിയ ആർ അശ്വിൻ ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ റൂട്ടിന് മുന്നിൽ വീണു. 17 റണ്‍സാണ് ആര്‍. അശ്വിൻ നേടിയത്.
അതേസമയം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുന്നതായിരുന്നു പുതുക്കി പണിത മോട്ടരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ പിങ്ക്‌ബോള്‍ ടെസ്റ്റ്. ടെസ്റ്റിന്‍റെ ആദ്യം ദിനം 13 വിക്കറ്റുകളാണ് വീണത്. ഇത് നാലാം തവണയാണ് ഒരു ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ തന്നെ 13 വിക്കറ്റുകള്‍ വീഴുന്നത്. എന്നാല്‍ ഏറ്റവും കുറവ് റണ്‍സ് സ്കോര്‍ ചെയ്യുകയും 13 വിക്കറ്റ് വീഴുകയും ചെയ്‌തതോടെയാണ് മോട്ടേര റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. മോട്ടേരയിലെ ആദ്യ ദിനത്തില്‍ 13 വിക്കറ്റുകള്‍ വീണപ്പോള്‍ 211 റണ്‍സാണ് രണ്ട് ടീമുകളും കൂടി നേടിയത്. 2018ല്‍ ഓക്‌ലന്‍ഡില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പിങ്ക് ബോള്‍ ടെസ്റ്റിലും ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണിരുന്നു. 233 റണ്‍സാണ് അന്ന് ആദ്യ ദിനം സ്കോര്‍ ചെയ്‌തത്. മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. 21.4 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അക്‌സറിന്റെ 6 വിക്കറ്റ് നേട്ടം. അശ്വിന്‍ 3 വിക്കറ്റ് വീഴ്‌ത്തി.
Published by:
Anuraj GR
First published:
February 25, 2021, 4:51 PM IST