നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 364ന് പുറത്ത്; ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

  IND vs ENG| ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 364ന് പുറത്ത്; ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

  62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണാണ് ഇന്ത്യൻ നിരയെ തകർത്ത് വിട്ടത്. ഇന്ത്യൻ മധ്യനിരയിൽ ജഡേജ (40), പന്ത് (37) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്.

  James Anderson

  James Anderson

  • Share this:
   ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനത്തിൽ 276-3 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 364 റൺസിന് പുറത്തായി. രണ്ടാം ദിനത്തിൽ തങ്ങളുടെ സ്കോർബോർഡിലേക്ക് 88 റൺസ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. 62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണാണ് ഇന്ത്യൻ നിരയെ തകർത്ത് വിട്ടത്. ഇന്ത്യൻ മധ്യനിരയിൽ ജഡേജ (40), പന്ത് (37) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്. കെ എൽ രാഹുൽ 129 റൺസ് എടുത്ത് പുറത്തായി.

   ഒന്നാം ദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് നേടി ഇംഗ്ലണ്ടിന് മേൽ ആധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് രണ്ടാം ദിനത്തിൽ അതേ പ്രകടനം തുടരാൻ കഴിഞ്ഞില്ല. ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ മികച്ച പ്രകടനത്തിൽ ആദ്യ ദിനത്തിൽ നിറം മങ്ങിയ ഇംഗ്ലണ്ട് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് രണ്ടാം ദിനത്തിൽ കണ്ടത്. മികച്ച രീതിയിൽ പന്തെറിഞ്ഞ അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഇന്ത്യൻ താരങ്ങൾ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു.

   രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെ ആയിരുന്നു. തലേദിവസം സെഞ്ചുറി നേടി 127 റൺസോടെ രണ്ടാം ദിനത്തിൽ ക്രീസിൽ എത്തിയ രാഹുലിനെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ റോബിൻസൺ മടക്കി. ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും രണ്ടാം പന്തില്‍ കവറില്‍ സിബ്ലിക്ക് അനായാസ ക്യാച്ച് നല്‍കിയാണ് രാഹുൽ മടങ്ങിയത്. 129 റൺസാണ് താരം നേടിയത്. നിലയുറപ്പിച്ചു കളിക്കുകയായിരുന്ന രാഹുൽ പുറത്തായതോടെ ഇന്ത്യ പതറി.

   പിന്നാലെ രഹാനെയും മടക്കി ആൻഡേഴ്സൺ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകി. രണ്ടാം ദിനത്തിലെ തന്റെ ആദ്യ ഓവറിൽ ആദ്യ പന്തിൽ തന്നെ ജെയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലേക്ക് ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയായിരുന്നു. 23 പന്തില്‍ നിന്നും കേവലം ഒരു റൺ മാത്രമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ നേടിയത്.

   276ന് മൂന്ന് എന്ന നിലയിൽ നിന്നും 282-5 എന്ന നിലയിലേക്ക് വീണ് തകർച്ച മുന്നിൽക്കണ്ട് നിന്ന ഇന്ത്യയെ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് പതിയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നു. എന്നാൽ സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 58 പന്തില്‍ 37 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീന്‍ അലിയുടെ ഓവറിൽ ഷമിയും വീണതോടെ ഇന്ത്യ വീണ്ടും കൂട്ടത്തകർച്ചയിലേക്ക് പോകുന്നു എന്ന നിലയിലായി. എന്നാല്‍ അവിടുന്ന് ജഡേജയും ഇഷാന്തും ചേര്‍ന്ന് പതുക്കെ സ്കോർ ബോർഡിലേക്ക് റൺസ് ചേർത്ത് കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 347-7 എന്ന നിലയിലായിരുന്നു. ഇന്ത്യ.   ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ആൻഡേഴ്സൺ ഇഷാന്തിനെ മടക്കി. 29 പന്തിൽ നിന്നും എട്ട് റൺസാണ് ഇഷാന്ത് നേടിയത്. പിന്നീട് വന്ന ബുംറയെ ആൻഡേഴ്സൺ മടക്കിയപ്പോൾ കഴിഞ്ഞ ടെസ്റ്റിൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തിയ ജഡേജയെ തൊട്ടടുത്ത ഓവറിൽ ആദ്യ പന്തിൽ തന്നെ മടക്കി മാർക്ക് വുഡ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 120 പന്തുകൾ നേരിട്ട ജഡേജ 40 റൺസ് നേടി.

   ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ അഞ്ച്, റോബിൻസൺ, മാർക്ക് വുഡ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മൊയീൻ അലി ഒരു വിക്കറ്റ് വീഴ്ത്തി.
   Published by:Naveen
   First published:
   )}