നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഇന്ത്യക്കെതിരെ നാല് വിക്കറ്റ്; വിക്കറ്റ് വേട്ടയിൽ കുംബ്ലെയെ പിന്നിലാക്കി ആൻഡേഴ്സൺ

  IND vs ENG| ഇന്ത്യക്കെതിരെ നാല് വിക്കറ്റ്; വിക്കറ്റ് വേട്ടയിൽ കുംബ്ലെയെ പിന്നിലാക്കി ആൻഡേഴ്സൺ

  കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറായ ജോസ് ബട്ട്ലറുടെ കൈകളിൽ എത്തിച്ചാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ മൂന്ന് സ്ഥാനക്കാരിൽ ഒരാളായത്. 163 ടെസ്റ്റുകളിൽ നിന്നും നിലവിൽ 621 വിക്കറ്റുകളാണ്‌ ആൻഡേഴ്സൺ നോടിയിട്ടുള്ളത്.

  • Share this:
   ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ. ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറായ ജോസ് ബട്ട്ലറുടെ കൈകളിൽ എത്തിച്ചാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ മൂന്ന് സ്ഥാനക്കാരിൽ ഒരാളായത്. ഈ നേട്ടത്തിലെത്താൻ ആൻഡേഴ്സൺ പിന്നിലാക്കിയതാകട്ടെ ഇന്ത്യയുടെ സ്പിൻ ഇതിഹാസമായ അനിൽ കുംബ്ലെയെ. കുംബ്ലെ ടെസ്റ്റിൽ 619 വിക്കറ്റുകളാണ്‌ നേടിയിരുന്നത്.

   കുംബ്ലെയെ പിന്നിലാക്കി മൂന്നാമതെത്തിയ ആൻഡേഴ്സണ് മുന്നിൽ ഇനി 708 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോണും 800 വിക്കറ്റുകൾ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണുള്ളത്. രാഹുലിന്റെ വിക്കറ്റ് നേടിയ ശേഷം ഷാർദുൽ ഠാക്കുറിനെയും ആൻഡേഴ്സൺ പുറത്താക്കിയിരുന്നു.

   600 വിക്കറ്റ് നേട്ടം കൈവരിച്ചവരിൽ കൂടുതൽ ടെസ്റ്റുകൾ കളിച്ച താരവും ആൻഡേഴ്സണാണ്. 800 വിക്കറ്റുകൾ എടുത്ത മുരളീധരൻ 133 ടെസ്റ്റും 708 വിക്കറ്റുകൾ കൈവശമുള്ള വോൺ 145 ടെസ്റ്റും 619 വിക്കറ്റുകൾ നേടിയ കുംബ്ലെ 132 ടെസ്റ്റുകളുമാണ് കളിച്ചിട്ടുള്ളത്.

   അതേസമയം ടെസ്റ്റിൽ കൂടുതൽ വിക്കറ്റെടുത്ത പേസ് ബൗളർ ആൻഡേഴ്സൺ തന്നെയാണ്. ആൻഡേഴ്‌സണ് പിന്നിൽ രണ്ടാമതായുള്ളത് 149 ടെസ്റ്റിൽ നിന്നും 523 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മഗ്രതാണ്.

   ഇന്ത്യക്കെതിരായ മത്സരത്തിൽ രാഹുലിന്റെയും ഷാർദുലിന്റെയും വിക്കറ്റുകൾക്ക് പുറമെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ചേതേശ്വർ പൂജാര എന്നിവരുടെ നിർണായക വിക്കറ്റുകളും ഇംഗ്ലണ്ട് താരം നേടിയിരുന്നു. ഇതിൽ വിരാട് കോഹ്‌ലി നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായാണ് പുറത്തായത്. 20 ഓവറിൽ 50 റൺസ് വഴങ്ങിയാണ് ആൻഡേഴ്സൺ നാല് വിക്കറ്റെടുത്തത്.

   ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കുറിച്ച 183 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടേയും വാലറ്റത്ത് ജസ്പ്രീത് ബുംറ നടത്തിയ ചെറുത്തുനിൽപ്പിന്റെയും ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 278 റൺസ് കുറിച്ചു. 84 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ നാല് വിക്കറ്റ് വീഴ്ത്തി.

   രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് കൊണ്ടിരിക്കെ മഴ പെയ്തതിനാൽ കളി നിർത്തിവെച്ചിരിക്കുകയാണ്. മഴ കളി തടസ്സപെടുത്തുമ്പോൾ 11.1 ഓവറിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 25 റൺസ് എടുത്തിട്ടുണ്ട്. 33 പന്തിൽ ഒമ്പത് റൺസോടെ ഡോമിനിക് സിബ്ലിയും 38 പന്തിൽ 11 റൺസോടെ റോറി ബേൺസുമാണ് ക്രീസിൽ.
   Published by:Naveen
   First published:
   )}