• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs ENG | ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഭ്രാന്ത്; അശ്വിനെ പുറത്തിരുത്തിയതിനെതിരെ പ്രതികരിച്ച് മുന്‍ താരങ്ങള്‍

IND vs ENG | ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഭ്രാന്ത്; അശ്വിനെ പുറത്തിരുത്തിയതിനെതിരെ പ്രതികരിച്ച് മുന്‍ താരങ്ങള്‍

'413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്. ഭ്രാന്ത്.'- മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം.

News18

News18

 • Last Updated :
 • Share this:
  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവലില്‍ ആരംഭിച്ച നാലാം മത്സരത്തിലും ടീമിലെ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി മുന്‍ താരങ്ങള്‍. അശ്വിനെ ടീമിലുള്‍പ്പെടുത്താത്തത് ഇന്ത്യ കാണിക്കുന്ന മണ്ടത്തരമാണെന്നും നായകന്‍ കോഹ്ലിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതായും പല മുന്‍താരങ്ങളും പ്രതികരിച്ചു.

  ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നു. ഇതില്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടത് സ്പിന്നറായ അശ്വിനെ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം എന്നാണ്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇതേ ആവശ്യം ആരാധകര്‍ ഉന്നയിച്ചിരുന്നെങ്കിലും, പേസിനെ പിന്തുണക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഒരു സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചിരുന്നത്.

  രവീന്ദ്ര ജഡേജയായിരുന്നു അശ്വിന് പകരം ടീമില്‍ സ്ഥാനം നേടിയത്. മൂന്നാം ടെസ്റ്റിലെ തോല്‍വിയും നാലാം ടെസ്റ്റ് സ്പിന്നിനെ തുണയ്ക്കുന്ന ഓവലിലാണ് നടക്കുന്നത് എന്നതിനാലും അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന വാദം വീണ്ടും ശക്തി നേടുകയായിരുന്നു. എന്നാല്‍, ടോസ് സമയത്ത് കോഹ്ലി ടീം പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ ഠാക്കൂറുമാണ് ടീമിലിടം നേടിയത്. മികച്ച ഫോമിലായിട്ടും പരമ്പരയില്‍ ഇതുവരെ അശ്വിന് അവസരം ലഭിച്ചിട്ടില്ല.

  'അശ്വിനെ തിരഞ്ഞെടുക്കാത്തത് ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളിലുടനീളം ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നോണ്‍ സെലക്ഷന്‍ ആയിരിക്കണം. 413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്. ഭ്രാന്ത്.'- മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം.


  ഇന്ത്യയുടെ ഇലവനില്‍ അശ്വിന്‍ ഇല്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രണ്ട് സ്പിന്നര്‍മാരെയും മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും കളിക്കാന്‍ മതിയായ ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ടോം മൂഡി പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം വിദേശത്ത് അശ്വിന്റെ പ്രകടനം അസാധാരണമായിരുന്നുവെന്നും തീരുമാനം അംഗീകരിക്കുവാന്‍ അശ്വിനും ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് മുന്‍ ഇന്ത്യന്‍ താരമായ സാബാ കരീമിന്റെ പ്രതികരണം.

  അതേസമയം, ഓവലില്‍ ആരംഭിച്ച നാലാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ തിരിച്ചടിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്സ് 191 റണ്‍സിന് അവസാനിപ്പിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

  നേരത്തെ ടോസ്സ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം 191 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഷാര്‍ദുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 പന്തില്‍ ടി20 ശൈലിയിലാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.
  Published by:Sarath Mohanan
  First published: