നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs ENG | ലീഡ്സില്‍ ലീഡുയര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു, തിരിച്ചടിക്കാന്‍ ഇംഗ്ലണ്ടും, മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

    IND vs ENG | ലീഡ്സില്‍ ലീഡുയര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു, തിരിച്ചടിക്കാന്‍ ഇംഗ്ലണ്ടും, മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

    2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

    News18

    News18

    • Share this:
      ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവുകയാണ്. ലീഡ്സിലെ ഹെഡിങ്ലിയില്‍ വെച്ച് നടക്കുന്ന മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെ കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ സംഘം ഇറങ്ങുമ്പോള്‍ പരമ്പരയില്‍ തിരിച്ചുവരവ് നടത്താന്‍ ലക്ഷ്യമിട്ടാകും റൂട്ടിന്റെ കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ലോഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 151 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയത്.

      ലീഡ്സിലെ മൂന്നാം ടെസ്റ്റിലെ പ്രകടനം പരമ്പരയുടെ ഗതി നിര്‍ണയിച്ചേക്കാം എന്നതിനാല്‍ ഇരു ടീമുകളും ഈ മത്സരത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ലീഡ്സില്‍ ജയിച്ച് പരമ്പരയില്‍ ലീഡ് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ നടത്താന്‍ മുതിര്‍ന്നേക്കില്ല.

      പരമ്പരയിലെ പ്രകടനത്തില്‍ ബൗളിംഗ് വിഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ്ങില്‍ ഇന്ത്യ അല്പം പുറകിലാണ്, പ്രത്യേകിച്ചും മധ്യനിരയില്‍. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നില്ല എന്നത് ചെറിയ ആശങ്ക നല്‍കുന്നു. ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയ പുജാരയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. പുജാരയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. മധ്യനിരയില്‍ ഇവരുടെ പ്രകടനമാകും ഇന്ത്യക്ക് ഈ പരമ്പരയില്‍ നിര്‍ണായകമാവുക.

      അതേസമയം ലീഡ്സിലെ പിച്ചില്‍ നിന്നും അവസാന രണ്ട് ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ ആദ്യ രണ്ട് മത്സരങ്ങളില്‍ പുറത്തിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ അശ്വിന് പകരം വന്ന ജഡേജ ബാറ്റ് കൊണ്ട് മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും താരത്തിന് വിക്കറ്റ് ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

      ഷാര്‍ദുല്‍ ഠാക്കുര്‍ പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ലോഡ്സ് ടെസ്റ്റ് കളിച്ച നാല് പേസര്‍മാരെ തന്നെയാകും ലീഡ്സിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ കളിപ്പിക്കുക. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണ്. ലോഡ്സ് ടെസ്റ്റില്‍ ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ഇവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഓപ്പണര്‍മാരുടെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം മികച്ച രീതിയിലാണ് പരമ്പരയില്‍ ബാറ്റ് ചെയ്ത് മുന്നേറുന്നത്.

      2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്സില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാല്‍ തന്നെ നിലവില്‍ ഇരു ടീമുകളിലുമുള്ള കളിക്കാര്‍ ആദ്യമായാണ് ലീഡ്സില്‍ തമ്മില്‍ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. ഈ അവസ്ഥയില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുക എന്നത് നിര്‍ണായകമാകും. ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടില്‍ ബാറ്റിംഗ് നിരയുടെ പ്രകടനം നിര്‍ണായകമാകും.

      പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് ഭീഷണി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോഡ്സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പരിക്കിന് പുറമെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവില്‍ ഇംഗ്ലണ്ട് ടീമിനുള്ളത്. ബാക്കിയുള്ള താരങ്ങള്‍ മികച്ച തുടക്കം നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മികവുറ്റ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതും പോരായ്മയാണ്. എന്നാല്‍ ലോഡ്‌സിലെ തോല്‍വിക്ക് തക്കതായ മറുപടി നല്‍കാന്‍ ഉറപ്പിച്ചായിരിക്കും ജോ റൂട്ടും സംഘവും ഇന്നിറങ്ങുക.
      Published by:Sarath Mohanan
      First published:
      )}