HOME » NEWS » Sports » INDIA VS ENGLAND T20 INDIA WIN BY 8 RUNS AS INT

India Vs England T20 | പരമ്പര കൈവിടാതെ ഇന്ത്യ; നാലാം ടി 20യിൽ എട്ട് റൺസിൻ്റെ വിജയം; അഞ്ചാം ടി 20 നിർണായകം

അവസാന ഓവറില്‍ 23 റണ്‍സ് ജയത്തിനായി വേണ്ട ഘട്ടത്തില്‍ ഒരു ബൗണ്ടറിയും സിക്സും നേടി ജോഫ്ര ആര്‍ച്ചര്‍ ലക്ഷ്യം മൂന്ന് പന്തില്‍ 12 റണ്‍സാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും പ്രതീക്ഷയായി. ഇതിനൊപ്പം ശാർദുൽ രണ്ട് വൈഡ് കൂടി എറിഞ്ഞപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആ ഓവറില്‍ ജോര്‍ദ്ദന്റെ വിക്കറ്റും വീഴ്ത്തി ശാർദുൽ ഇന്ത്യയെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

News18 Malayalam | news18-malayalam
Updated: March 19, 2021, 7:54 AM IST
India Vs England T20 | പരമ്പര കൈവിടാതെ ഇന്ത്യ; നാലാം ടി 20യിൽ എട്ട് റൺസിൻ്റെ വിജയം; അഞ്ചാം ടി 20 നിർണായകം
അവസാന ഓവറില്‍ 23 റണ്‍സ് ജയത്തിനായി വേണ്ട ഘട്ടത്തില്‍ ഒരു ബൗണ്ടറിയും സിക്സും നേടി ജോഫ്ര ആര്‍ച്ചര്‍ ലക്ഷ്യം മൂന്ന് പന്തില്‍ 12 റണ്‍സാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും പ്രതീക്ഷയായി. ഇതിനൊപ്പം ശാർദുൽ രണ്ട് വൈഡ് കൂടി എറിഞ്ഞപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആ ഓവറില്‍ ജോര്‍ദ്ദന്റെ വിക്കറ്റും വീഴ്ത്തി ശാർദുൽ ഇന്ത്യയെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.
  • Share this:
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടാതെയും കളി ജയിക്കാമെന്ന് തെളിയിച്ച് വിരാട് കോഹ്ലിയും സംഘവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവ് അർധസെഞ്ചുറി നേടി. താരത്തിൻ്റെ അർധസെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ 20 ഓവറിൽ 185 റണ്‍സ് നേടി. 28 പന്തില്‍ തന്റെ അർധസെഞ്ചുറി തികച്ച തികച്ച താരം 31 പന്തിൽ 57 റണ്‍സ് നേടിയാണ് പുറത്തായത്. സൂര്യകുമാർ പുറത്തായ ശേഷം വന്ന റിഷഭ് പന്തും ശ്രേയസ്സ് അയ്യരും ചേർന്ന് നടത്തിയ വെടിക്കെട്ടിലാണ് ഇന്ത്യ 185 റൺസിലേക്ക് കുതിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ തന്റെ ഏറ്റവും മികച്ച ടി20 ബൗളിംഗ് പ്രകടനവുമായി നാല് വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-2ന് ഒപ്പമെത്തി.ഇതോടെ ശനിയാഴ്ച നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരം പരമ്പരയിലെ ജേതാക്കളെ നിശ്ചയിക്കും.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആണ് ഇന്ത്യ മത്സരം കൈക്കലാക്കിയത്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിൻ്റെ വെടിക്കെട്ടിൽ ഇന്ത്യക്ക് മത്സരം നഷ്ടപ്പെടുമെന്ന് തോന്നിയെങ്കിലും അടുത്തടുത്ത പന്തിൽ സ്റ്റോക്സിൻ്റേയും ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ്റേയും വിക്കറ്റുകൾ വീഴ്ത്തി ശാർദുലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 46 റൺസും ജേസൺ റോയ് 40 റൺസും നേടി. ഇന്ത്യക്കായി ശാർദുൽ ഠാക്കൂർ മൂന്നും ഹാർദിക് പാണ്ട്യയും രാഹുൽ ചഹറും 2 വിക്കറ്റ് വീതം വീഴ്ത്തി.

തകർച്ചയോടെ തുടങ്ങി ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണിംഗിൽ രോഹിത് ശർമയും കെ എൽ രാഹുലും ഇറങ്ങി. സിക്സ് അടിച്ച് നന്നായി തുടങ്ങിയ രോഹിത്തിന് പക്ഷേ തുടക്കം മുതലാക്കാൻ ആയില്ല. ആർച്ചറുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി താരം പുറത്തായി. ഇഷാൻ കിഷന് പകരക്കാരനായി വന്ന സൂര്യകുമാർ യാദവാണ് മൂന്നാമനായി ഇറങ്ങിയത്. തൻ്റെ രണ്ടാം മത്സരം കളിക്കാൻ ഇറങ്ങിയ താരം തനിക്ക് ബാറ്റ് ചെയ്യാൻ ലഭിച്ച ആദ്യ അവസരം തന്നെ മുതലാക്കി സൂര്യകുമാർ യാദവ്.തന്റെ ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിയ്ക്കാതെ വന്നപ്പോള്‍ അതിന് തൊട്ടടുത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് ടീമില്‍ അവസരം ലഭിച്ചില്ല. ഇന്ന് പരമ്പരയിലെ നാലാം മത്സരത്തില്‍ താരത്തിന് ഇന്ത്യ വീണ്ടും അവസരം നല്‍കിയപ്പോള്‍ അത് രണ്ട് കൈയ്യും നീട്ടി താരം സ്വീകരിക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയെ(12) പുറത്താക്കി ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ നേടിയപ്പോള്‍ ആ ഓവറിലെ അവസാന പന്ത് നേരിടേണ്ടി വന്നത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. ആദ്യ പന്തില്‍ തന്നെ ജോഫ്രയെ സിക്സര്‍ പറത്തി തുടങ്ങിയ താരം പിന്നെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്കോറിംഗ് നടത്തുന്ന അതേ രീതിയിലാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലമായി ചേര്‍ന്ന് 42 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. രാഹുലും കോഹ്‍ലിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യ 70/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് റിഷഭ് പന്തിനൊപ്പം നാലാം വിക്കറ്റില്‍ 40 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. വിവാദമായ ഒരു തീരുമാനത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍. ഇംഗ്ലണ്ടിൻ്റെ താരം ഡേവിഡ് മലാൻ സൂര്യകുമാറിനെ പുറത്താക്കാൻ എടുത്ത ക്യാച്ച് ആണ് വിവാദമായത്. നിലത്ത് കുത്തിയെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു എങ്കിലും താരത്തെ തേഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

യാദവ് പുറത്തായ ശേഷം പന്തിന് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ഇന്ത്യ അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് നേടി. 23 പന്തില്‍ 30 റണ്‍സ് നേടി പന്തിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചറാണ് വീഴ്ത്തിയത്. 18 പന്തില്‍ നിന്ന് അയ്യര്‍ 37 റണ്‍സാണ് നേടിയത്. അയ്യരുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ 185 റൺസ് എന്ന സ്‌കോറിലേക്ക് എത്തിച്ചു.

സ്റ്റോക്സിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, കളി മാറ്റിയത് ശാർദുലിൻ്റെ ഓവർ

നേരത്തെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മൂന്നാമത്തെ വിജയത്തിലേക്ക് നയിച്ച് പരമ്പര സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ നിന്ന് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്.

ജോസ് ബട്‍ലറും(9) ഡേവിഡ് മലാനും(14) വേഗത്തില്‍ പുറത്തായെങ്കിലും ജേസണ്‍ റോയ് 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടി കളി ഇംഗ്ലണ്ടിന്റെ വരുതിയില്‍ നിന്നും പോകാതെ നിര്‍ത്തുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ റോയ് പുറത്താകുമ്പോള്‍ 66/3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

നാലാം വിക്കറ്റിൽ 65 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുവാന്‍ നോക്കിയപ്പോഴാണ് രാഹുൽ ചഹർ25 റണ്‍സ് നേടി നിൽക്കുകയായിരുന്ന ബൈയര്‍സ്റ്റോയെ പുറത്താക്കി കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ബെൻ സ്റ്റോക്സ് നടത്തിയ വെടിക്കെട്ടിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന നാലോവറില്‍ 46 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ ഇന്ത്യയ്ക്ക് നല്‍കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ശാർദുൽ ഠാക്കൂറാണ്. 23 പന്തില്‍ 46 റണ്‍സ് നേടി അപകടകാരിയായ സ്റ്റോക്സിനെ പുറത്താക്കിയ ശാർദുൽ അതേ ഓവറില്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.

അവസാന മൂന്നോവറില്‍ ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 39 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം ഓവറില്‍ ഇംഗ്ലണ്ടിന് സാം കറനെയും നഷ്ടമായി. തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.

അവസാന ഓവറില്‍ 23 റണ്‍സ് ജയത്തിനായി വേണ്ട ഘട്ടത്തില്‍ ഒരു ബൗണ്ടറിയും സിക്സും നേടി ജോഫ്ര ആര്‍ച്ചര്‍ ലക്ഷ്യം മൂന്ന് പന്തില്‍ 12 റണ്‍സാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും പ്രതീക്ഷയായി. ഇതിനൊപ്പം ശാർദുൽ രണ്ട് വൈഡ് കൂടി എറിഞ്ഞപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആ ഓവറില്‍ ജോര്‍ദ്ദന്റെ വിക്കറ്റും വീഴ്ത്തി ശാർദുൽ ഇന്ത്യയെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

Summary: India wins by 8 runs in the Fourth T20I. Levels the series. The decider to be played on Saturday.
Published by: Asha Sulfiker
First published: March 19, 2021, 7:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories