ടോക്യോ: ഒളിംപിക്സ് വനിതാ ഹോക്കിയിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 4-3 എന്ന സ്കോറിന് ഗ്രേറ്റ് ബ്രിട്ടനോടാണ് ഇന്ത്യ തോറ്റത്. അവസാന പാദത്തിൽ വഴങ്ങിയ ഗോളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബ്രിട്ടനുവേണ്ടി ബാൾസ്ഡൺ, പെർനെ വെബ്, റോബർടസൺ, റെയർ എന്നിവർ ഗോളുകൾ നേടി. ഇന്ത്യയ്ക്കു വേണ്ടി ഗുർജിത് കൌർ രണ്ടു ഗോളും വന്ദന കതാരിയ ഒരു ഗോളും നേടി.
കരുത്തരായ ബ്രിട്ടനോട് കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ബ്രിട്ടന്‍റെ ഇരമ്പിയാർത്തുള്ള ആക്രമണങ്ങളെ ഫലപ്രദമായി ഇന്ത്യ പ്രതിരോധിച്ചു. തുടക്കത്തിൽ തന്നെ ഉറച്ച ഗോളവസരങ്ങൾ ഇന്ത്യൻ ഗോളി സവിത രക്ഷപെടുത്തി. ആദ്യ പാദത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
രണ്ടാം പാദത്തിന്‍റെ തുടക്കത്തിൽ എല്ലി റെയറിലൂടെ ബ്രിട്ടൻ ലീഡ് നേടി. അതിനിടെ നിഷയ്ക്ക് ഗ്രീൻ കാർഡ് ലഭിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബ്രിട്ടന്‍റെ ആക്രമണത്തെ നേരിട്ടുകൊണ്ട് ഇന്ത്യ ഇടയ്ക്ക് പ്രത്യാക്രമണങ്ങൾ നടത്തി. എന്നാൽ സാറാ റോബർട്സണിലൂടെ ബ്രിട്ടൻ ഗോൾ ഉയർത്തിയതോടെ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമേറി. എന്നാൽ ഗുർജിത് കൌറിന്‍റെ തകർപ്പൻ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. തൊട്ടതുത്ത മിനിറ്റിൽ ഗുർജിത് കൌറിലൂടെ തന്നെ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ഒപ്പമെത്തി. പെനാൽറ്റി കോർണറിലൂടെ തകർപ്പനൊരു ഡ്രാഗ് ഫ്ലിക്കിലൂടെയാണ് ഇത്തവണ ഗുർജിത് ലക്ഷ്യം കണ്ടത്.
രണ്ടാം പാദം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ലീഡ് നേടി. വന്ദന കതാരിയയിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ഗോൾരഹിതമായിരുന്ന ആദ്യ പാദത്തിന് ശേഷം രണ്ടാം പാദത്തിൽ അഞ്ച് ഗോളുകൾ പിറന്നതോടെ മത്സരം അത്യന്തം ആവേശത്തിലേക്ക് എത്തിയിരുന്നു.
എന്നാൽ ഗുർജിത് കൌറും വന്ദനയും സമ്മാനിച്ച ആവേശം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. മൂന്നാം പാദത്തിൽ ബ്രിട്ടൻ ഒപ്പമെത്തി. ഹോളി പെർനെ വെബിന്‍റെ തകർപ്പൻ ഷോട്ട് ഇന്ത്യൻ ഗോളി സവിതയുടെ പ്രതിരോധം തകർത്ത് വലയ്ക്കുള്ളിലാകുകയായിരുന്നു. മൂന്നാം പാദം അവസാനിക്കുമ്പോൾ സ്കോർ 3-3
നാലാം പാദത്തിൽ മത്സരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ തുടരെ ആക്രമണം കെട്ടഴിച്ചുവിട്ട ബ്രിട്ടൻ വൈകാതെ ലീഡും വിജയഗോളും നേടി. തുടർച്ചയായി ലഭിച്ച പെനാൽറ്റി കോർണറുകളിലൊന്ന് ഗോളാക്കി ഗ്രേസ് ബാൾസ്ഡൺ ആണ് ബ്രിട്ടന് വിജയം സമ്മാനിച്ചത്. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതുമില്ല.
കഴിഞ്ഞ ദിവസം പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ജർമ്മനിയെ 5-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. മലയാളി താരം പി ആർ ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്തത്. 41 വർഷത്തിനുശേഷമാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.