ഓക്ക്‌ലൻഡ്: ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ എട്ടിന് 273 റൺസെടുത്തു. 79 റൺസെടുത്ത മാർട്ടി ഗുപ്ടിലാണ് ടോപ് സ്കോറർ. ആദ്യ ഏകദിനത്തിലെ വിജയശിൽപി റോസ് ടെയ്ലർ പുറത്താകാതെ 73 റൺസ് നേടി. ഹെൻറി നിക്കോൾസ് 41 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്നും ഷർദ്ദുൽ താക്കൂർ രണ്ടും വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഗുപ്ടിലും നിക്കോൾസും ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. 79 പന്തിൽ 79 റൺസെടുത്ത ഗുപ്ടിൽ മൂന്നു സിക്സറും എട്ട് ഫോറും നേടി. അവസാന ഓവറുകളിൽ ജമീസണെ കൂട്ടുപിടിച്ച് ടെയ്ലർ നടത്തിയ വെടിക്കെട്ടാണ് ന്യൂസിലാൻഡ് സ്കോർ 270 കടത്തിയത്. ടെയ്ലർ 74 പന്തിൽ 73 റൺസെടുത്തു. രണ്ട് സിക്സറും ആറ് ഫോറും ഉൾപ്പെടുന്നതാണ് ടെയ്ലറുടെ ഇന്നിംഗ്സ്. ഒമ്പതാമനായി ക്രീസിലെത്തിയ ജെമീസൺ 24 പന്തിൽ 25 റൺസ് നേടി.
ആദ്യ ഏകദിനത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഓക്ക്‌ലൻഡിൽ കളിക്കാൻ ഇറങ്ങിയത്. മൊഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയപ്പോൾ നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചഹൽ എന്നിവർ ടീമിലെത്തി. ഇന്നത്തെ കളി ജയിച്ചാൽ മാത്രമെ മൂന്നു മത്സര ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് സാധ്യത നിലനിർത്താനാകൂ. അതേസമയം ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കീവികളുടെ ശ്രമം.
ഹാമിൽട്ടണിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ന്യൂസിലാൻഡിനോട് തോറ്റത്. ഇന്ത്യ ഉയർത്തിയ 348 റൺസിന്‍റെ വിജയലക്ഷ്യം നാല് വിക്കറ്റും 11 പന്തും ബാക്കിനിൽക്കെ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. പുറത്താകാതെ 109 റൺസ് നേടിയ മുൻ നായകൻ റോസ് ടെയ്ലറാണ് കീവികളെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auckland ODI, India cricket, India vs New Zealand, India vs New Zealand 2nd ODI, Virat kohli