ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സൈനി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജ 73 പന്തിൽ 55 ഉം നവ്ദീപ് സെയ്നി 49 പന്തിൽ 45 ഉം റണ്‍സെടുത്തു. ന്യൂസിലാൻഡിനായി ഹമീഷ് ബെന്നറ്റ്, ടിം സൗത്തി, കൈൽ ജാമിസൺ, കോളിൻഡി ഗ്രാൻഡ്ഹോം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെയിംസ് നീഷം ഒരു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി.
ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അർധസെഞ്ചുറി നേടി. 57 പന്തിൽ 52 റൺസെടുത്ത അയ്യരെ ഹാമിഷ് ബെന്നറ്റാണു പുറത്താക്കിയത്. പൃഥ്വി ഷാ (19 പന്തിൽ 24), മായങ്ക് അഗർവാൾ (5 പന്തിൽ 3), ക്യാപ്റ്റൻ വിരാട് കോലി (25 പന്തിൽ 15), കെ.എൽ. രാഹുൽ (8 പന്തിൽ 4), കേദാർ ജാദവ് (27 പന്തിൽ 9), ഷാർദൂൽ ഠാക്കൂർ (15 പന്തിൽ 18), യുസ്വേന്ദ്ര ചാഹൽ (12 പന്തിൽ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.
Also Read- 'അയാൾക്ക് പ്രായം വളരെ കൂടുതലാണ്' റൊണാൾഡോയെ ബയേൺ വേണ്ടെന്നുവെയ്ക്കുമോ?
മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. ഹാമിഷ് ബെന്നറ്റാണ് അഗർവാളിനെ പുറത്താക്കിയത്. ആദ്യ മത്സരം കളിക്കുന്ന കൈൽ ജാമിസണിന്റെ പന്തിൽ ഷാ ബൗൾഡായി. വിരാട് കോലിയെ ടിം സൗത്തി മടക്കി. കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ കെ എൽ രാഹുൽ ബൗൾഡാകുകയായിരുന്നു. ഇന്ത്യ 96 റൺസിൽ നിൽക്കെ കേദാർ ജാദവിനെ ടിം സൗത്തി നിക്കോൾസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മധ്യനിരയിൽ ശ്രേയസ് അയ്യർ നടത്തിയ ചെറുത്തുനിൽപ്പും രവീന്ദ്ര ജഡേജയുടെയും നവ്ദീപ് സെയ്നിയുടെ പോരാട്ടവുമാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസിലാൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 273 റണ്‍സ്. ബാറ്റിങ്ങിലെ മുൻനിരക്കാർ മികച്ച പ്രകടനം നടത്തിയ ശേഷമാണ് കിവീസിന്റെ മധ്യനിരയും വാലറ്റവും ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ കീഴടങ്ങിയത്. ഓപ്പണർ മാർട്ടിൻ ഗപ്ടിലും (79 പന്തിൽ 79) റോസ് ടെയ്‍ലറും (74 പന്തിൽ 73- പുറത്താകാതെ) അര്‍ധ സെഞ്ചുറി നേടി. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന കൈൽ ജാമിസണെ കൂട്ടുപിടിച്ച് റോസ് ടെയ്‍ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് അവസാന ഓവറുകളിൽ കിവികൾക്കു തുണയായത്. ജാമിസൺ 24 പന്തിൽ 25 റൺസെടുത്തു പുറത്താകാതെനിന്നു. ഹെന്‍റി നിക്കോൾസ് (59 പന്തിൽ 41), ടോം ബ്ലണ്ടൽ (25 പന്തിൽ 22), ക്യാപ്റ്റൻ ടോം ലാതം (7), ജെയിംസ് നീഷം (3), കോളിൻ ഡി ഗ്രാൻഡ്ഹോം (5), മാർക് ചാപ്മാൻ (1), ടിം സൗത്തി (3) എന്നിവരാണു പുറത്തായ മറ്റു താരങ്ങൾ. ന്യൂസിലാൻഡിന്റെ അഞ്ചു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി.
ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചെഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ ഠാക്കൂർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auckland ODI, India cricket, India vs New Zealand, India vs New Zealand 2nd ODI, Virat kohli