ഹാമിൽട്ടൺ: സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ടി20യിൽ ഇന്ത്യക്ക് ആവേശജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നേടിയത് 17 റൺസ്. 18 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, അവസാന രണ്ടു പന്തും അതിർത്തി കടത്തി വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര നേട്ടമാണിത്.
നേരത്തെ 180 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ബാറ്റിങ് മികവിൽ 179 റൺസെടുത്ത് സമനില പിടിച്ചു. അവസാന ഓവറിൽ 9 റൺസ് മാത്രം മതിയായിരുന്നു ന്യൂസിലാൻഡിന് ജയിക്കാൻ. മികച്ച ബൗളിംഗിലൂടെ ഷമി കീവികളെ സമനില കുരുക്കിൽ തളയ്ക്കുകയായിരുന്നു.
സൂപ്പർ ഓവറിൽ ഇന്ത്യക്കായി പന്തെറിയാനെത്തിയത് ബുംറ. ആദ്യ പന്ത് രണ്ടിലും രണ്ട് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ മൂന്നാമത്തെ പന്ത് വില്യംസൺ സിക്സർ പറത്തി. അടുത്ത പന്തിൽ ഫോർ. അവസാന പന്തിൽ ഗപ്ടിൽ ഫോർ നേടി. ആകെ 17 റൺസ്. രോഹിത് ശർമയും രാഹുലുമാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ടിം സൗത്തിയായിരുന്നു ബൗളർ. ആദ്യ രണ്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ പന്ത് രാഹുൽ വക ഫോർ. നാലാമത്തെ പന്തിൽ സിംഗിൾ. അഞ്ചാം പന്തും ആറാം പന്തും അതിർത്തി കടത്തി രോഹിത് ശർമ ഇന്ത്യക്ക് ജയം സമ്മാനിച്ചു. കാണികൾ ആവേശത്താൽ ആർത്തിളകി.
Also Read- രോഹിത് ശർമ തിളങ്ങി; പിന്നാലെ തകർച്ച ; കീവികൾക്ക് ജയിക്കാൻ 180 റൺസ്നേരത്തെ അവസാന ഓവറിൽ 9 റൺസായിരുന്നു ന്യൂസിലാൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ റോസ് ടെയ്ലർ സിക്സ് നേടിയതോടെ അഞ്ച് പന്തിൽ മൂന്ന് റൺസായി ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം. അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിടത്ത് നിന്നും ഷമി വക ട്വിസ്റ്റാണ് പിന്നീട് കണ്ടത്. അടുത്ത പന്തിൽ ഷമി വില്യംസനെ രാഹുലിന്റെ കൈകളിലെത്തിച്ചു. അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ്. ആ പന്തിൽ വിക്കറ്റെടുത്ത് ഷമി കളി സൂപ്പര്‍ ഓവറിലേക്ക് തള്ളിവിട്ടു.
നേരത്തെ 180 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസൺ തകർത്തടിച്ചു. 48 പന്തിൽ ആറു സിക്സും എട്ട് ഫോറും സഹിതം 95 റൺസാണ് വില്യംസൺ നേടിയത്. അവസാന ഓവറിലെ മൂന്നാം പന്തിൽ വില്യംസണെ ഷമി പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായത്. മാർട്ടിൻ ഗപ്ടിൽ 21 പന്തിൽ 31, കോളിൻ മൺറോ 16 പന്തിൽ 14, മിച്ചൽ സാന്റ്നർ 11 പന്തിൽ9 , കോളിൻ ഡി ഗ്രാൻഡ്ഹോം 12 പന്തിൽ 5, റോസ് ടെയ്ലർ 10 പന്തിൽ 17 എന്നിങ്ങനെയാണ് സ്കോർ.
ഇന്ത്യക്കായി ഷാർദൂൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവർ എറിഞ്ഞ ബുംറ 45 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ഫോമിലെത്തിയ രോഹിത് ശർമയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ട്വന്റി20യിലെ 20ാം അർധസെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ക്യാപ്റ്റൻ വിരാട് കോലി 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ഓവറിൽ 40 റൺസ് വഴങ്ങിയ ബെന്നറ്റ്, അടുത്ത രണ്ട് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുക്കുകയായിരുന്നു.
മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. 8.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 89 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത ഏഴ് റൺസിനിടെ രാഹുൽ, രോഹിത്, ശിവം ദുബെ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. കോലിയും ശ്രേയസ് അയ്യരും നിലയുറപ്പിക്കാൻ സമയമെടുത്തതോടെ റൺനിരക്ക് താഴ്ന്നു. രാഹുൽ (19 പന്തിൽ 27), ശിവം ദുബെ (ഏഴു പന്തിൽ മൂന്ന്), ശ്രേയസ് അയ്യർ (16 പന്തിൽ 17) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. മനീഷ് പാണ്ഡെ ആറു പന്തിൽ 14 റൺസോടെയും രവീന്ദ്ര ജഡേജ അഞ്ചു പന്തിൽ 10 റൺസോടെയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറിൽ രണ്ടു പടുകൂറ്റൻ സിക്സുകൾ സഹിതം മനീഷ് പാണ്ഡെ – രവീന്ദ്ര ജഡേജ സഖ്യം 18 റൺസടിച്ചതോടെയാണ് ഇന്ത്യ 180ന് തൊട്ടടുത്തെത്തിയത്.
23 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത് അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ആറാം ഓവറിൽ 6, 6, 4, 4, 6 എന്നിങ്ങനെ ആകെ 27 റൺസടിച്ചാണ് രോഹിത് അർധസെഞ്ചുറി നേടിയത്. ട്വന്റി20യിൽ രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. ഏതാനം മാസങ്ങൾക്കു മുൻപ് രാജ്കോട്ടിൽ ബംഗ്ലദേശിനെതിരെയും രോഹിത് 23 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. 2016ൽ വെസ്റ്റിൻഡീസിനെതിരെയ 22 പന്തിൽ അർധസെഞ്ചുറി കടന്നതാണ് വേഗമേറിയത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ രോഹിത് 10,000 റൺസും പിന്നിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.