വെല്ലിങ്ടൺ: ജയിക്കാവുന്ന കളി കൈവിട്ട് ന്യൂസിലാൻഡ്. സൂപ്പർ ഓവറിലേക്ക് നീണ്ട തുടർച്ചയായ രണ്ടാം മത്സരവും കിവീസിനെ കൈവിട്ടു. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനിൽക്കേ വിജയിച്ചു. ഇതോടെ ഇന്ത്യ പരമ്പരയിൽ 4-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ഇന്നത്തെ മത്സരവും. അന്നും ഇന്നും പന്തെറിഞ്ഞത് ടിം സൗത്തി തന്നെയായിരുന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. ടിം സീഫർട്ട് നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. ഇതിൽ രണ്ടാം പന്തിൽ നേടിയ ഫോറും ഉൾപ്പെടുന്നു. ബുമ്രയുടെ പന്തിൽ വാഷിങ്ടൺ സുന്ദർ ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യൻ താരങ്ങൾ രണ്ടു ക്യാച്ചു നഷ്ടമാക്കുകയും ചെയ്തു. അഞ്ചാം പന്തിൽ കോളിൻ മൺറോ ഫോർ നേടിയെങ്കിലും അവസാന പന്തിൽ റൺ നേടാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നത് 14 റൺസ് വിജയലക്ഷ്യം.
ടിം സൗത്തി എറിഞ്ഞ ആദ്യപന്ത് തന്നെ കെ എൽ രാഹുൽ സിക്സർ പറത്തി. രണ്ടാം പന്തിൽ ഫോർ. മൂന്നാം പന്തിൽ സിക്സിനായി ശ്രമിച്ച രാഹുൽ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി മടങ്ങി. പിന്നീട് ക്യാപ്റ്റൻ വിരാട് കോലിയുടെ ഊഴമായിരുന്നു. നേരിട്ട ആദ്യ പന്ത് തന്ത്രപൂർവം ബൗളറുടെ പുറകിലേക്ക് തട്ടിയിട്ട കോലി രണ്ട് റൺസ് ഓടിയെടുത്തു. പിന്നീട് രണ്ട് പന്തിൽ ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് രണ്ട് റൺസ്. അടുത്ത പന്ത് ബൗണ്ടറി കടത്തി കോലി ഇന്ത്യക്ക് ജയം സമ്മാനിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 165 റൺസ്. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചു മുന്നേറിയ ന്യൂസിലാൻഡിന് അവസാന ഓവറിൽ പിഴച്ചതോടെ അവർക്കു നേടാനായത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. ഓപ്പണർ കോളിൻ മൺറോ (47 പന്തിൽ 64), ടിം സീഫർട്ട് (39 പന്തിൽ 57) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഇന്ത്യ സമനിലയിൽ കുരുക്കിയത്.
ഷാർദുൽ ഠാക്കൂർ ബോൾ ചെയ്ത അവസാന ഓവറിൽ കിവീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് വെറും ഏഴു റൺസ് മാത്രമായിരുന്നു. എന്നാൽ, ഈ ഓവറിലെ ആദ്യ പന്തിൽ റോസ് ടെയ്‍ലർ പുറത്തായി. 18 പന്തിൽ 24 റൺസെടുത്ത ടെയ്‍ലറിനെ ശ്രേയസ് അയ്യർ ക്യാച്ചെടുത്തു മടക്കി. രണ്ടാം പന്തിൽ ഡാരിൽ മിച്ചൽ വക ഫോർ. മൂന്നാം പന്തിൽ ടിം സീഫർട്ട് റണ്ണൗട്ടായി. 39 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം സമ്പാദ്യം 57 റൺസ്. നാലാം പന്തിൽ സാന്റ്നർ വക ഒരു റൺ. അഞ്ചാം പന്തിൽ ഡാരിൽ മിച്ചൽ പുറത്ത്. മൂന്നു പന്തിൽ നാലു റൺസുമായി ശിവം ദുബെയ്ക്ക് ക്യാച്ച്. ഇതോടെ അവസാന പന്തിൽ വിജയത്തിലേക്ക് വേണ്ടത് രണ്ടു റൺസ്. എന്നാൽ, പന്തുനേരിട്ട സാന്റ്നറിന് നേടാനായത് ഒരു റൺ. രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ റണ്ണൗട്ടുമായി. ഇതോടെ സ്കോർ സമാസമം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. ട്വന്റി20യിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ഫോറുകൾ സഹിതം പാണ്ഡെ 50 റൺസെടുത്തു. കെ എൽ രാഹുൽ (26 പന്തിൽ 39), ഷാർദുൽ ഠാക്കൂർ (15 പന്തിൽ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസനു പരുക്കായതിനാൽ ടിം സൗത്തിയാണ് ഇന്ന് കിവീസിനെ നയിക്കുന്നത്.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഒരിക്കൽക്കൂടി സിക്സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. സമ്പാദ്യം അഞ്ചു പന്തിൽ ഒരു സിക്സ് സഹിതം എട്ടു റൺസ്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മത്സരത്തിൽ സഞ്ജുവിനെ പരീക്ഷിച്ചത്. രാഹുലിനൊപ്പം ഓപ്പണറായെത്തിയതും സഞ്ജു തന്നെ. ക്യാപ്റ്റൻ വിരാട് കോലി (ഒൻപതു പന്തിൽ 11), ശ്രേയസ് അയ്യർ (ഏഴു പന്തിൽ ഒന്ന്), ശിവം ദുബെ (ഒൻപതു പന്തിൽ 12), വാഷിങ്ടൻ സുന്ദർ (0), യുസ്‌വേന്ദ്ര ചെഹൽ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, KL RAHUL, Rohit sharma, Sanju Samson, T20 Series