• HOME
 • »
 • NEWS
 • »
 • sports
 • »
 • India vs New Zealand 5th T20I | ന്യൂസിലാൻഡ് മണ്ണിൽ ചരിത്രം രചിച്ച് ഇന്ത്യ; പരമ്പര 5-0ന് തൂത്തുവാരി

India vs New Zealand 5th T20I | ന്യൂസിലാൻഡ് മണ്ണിൽ ചരിത്രം രചിച്ച് ഇന്ത്യ; പരമ്പര 5-0ന് തൂത്തുവാരി

അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ ഏഴ് റൺസിന് പരാജയപ്പെടുത്തി.

News18

News18

 • Last Updated :
 • Share this:
  മൗണ്ട് മൗംഗനൂയി: ന്യൂസിലാൻഡിനെതിരെ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. കിവീസ് മണ്ണിൽ ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, വിരാട് കോലിയുടെ അഭാവത്തിൽ നായകത്വം ഏറ്റെടുത്ത  രോഹിത് ശർമയുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തത്. മറുപടിയായി ക്യാപ്റ്റൻ റോസ് ടെയ്ലറിന്റെയും  (47 പന്തിൽ 53)  ടീം സീഫർട്ടിന്റെയും (30 പന്തിൽ 50) അർധ സെഞ്ചുറിയും ന്യൂസിലാൻഡിന്റെ രക്ഷക്കെത്തിയില്ല. കിവീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത്  3 വിക്കറ്റെടുത്തു.  നവ്ദീപ് സെയ്നി, ശാർദൂൽ ഠാക്കൂര്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

  ഇന്ത്യക്കെതിരെ 164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 17 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാട് റോസ് ടെയ്ലർ- ടീം സീഫർട്ട് സഖ്യമാണ് ന്യൂസിലാൻഡിനെ മുന്നോട്ടുനയിച്ചത്. 56 പന്തുകളുടെ നേരിട്ട ഈ സഖ്യം 99 റൺസാണ് കിവീസ് സ്കോർ ബോർഡിൽ ചേർത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ സീഫർട്ട് തൊട്ടടുത്ത പന്തിൽ പുറത്തായി. 30 പന്തിൽ മൂന്നു സിക്സും അഞ്ചുഫോറും സഹിതം 50 റൺസെടുത്ത സീഫർട്ടിനെ നവ്ദീപ് സെയ്നി സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. തുടർന്നെത്തിയ ഡാരിൽ മിച്ചലിനെ നാല് പന്തിൽ രണ്ട് റൺസെടുക്കുന്നതിനിടെ ബുംറ ക്ലീൻ ബൗൾഡ് ചെയ്തു.

  റോസ് ടെയ്ലറിനൊപ്പം ചേർന്ന മിച്ചൽ സാന്റനറിനെ (7 പന്തിൽ 6 റൺസ്) ശാർദൂൽ ഠാക്കൂർ മനീഷ് പാണ്ഡ‍െയുടെ കൈകളിലെത്തിച്ചു. പിന്നീട് റൺസൊന്നും എടുക്കാതെ സ്കോട്ട് ഗുക്ലൈയ്ന്‍ പുറത്തായി. ശാർദൂൽ ഠാക്കൂറിനാണ് വിക്കറ്റ്. പിന്നീട് ക്യാപ്റ്റൻ ടിം സൗത്തിയെയും ബുംറ പുറത്താക്കി. അവസാന ഓവറിൽ രണ്ട് സിക്സ് സഹിതം നേടിയെങ്കിലും ഇഷ് സോധിക്ക് ടീമിനെ വിജയിപ്പിക്കാനായില്ല. പത്ത് പന്തിൽ 16 റൺസുമായി ഇഷ് സോധിയും ഒരു റണ്‍സെടുത്ത ഹാമിഷ് ബെന്നറ്റും പുറത്താകാതെ നിന്നു.

  Also Read-  മൂന്ന് കളികളിൽ നേടിയത് 12 റൺസ്; സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി?

  ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിൽ (ആറ് പന്തിൽ രണ്ട്), കോളിൻ മൺറോ (ആറു പന്തിൽ 15), ടോം ബ്രൂസ് (0) എന്നിവരാണ് ആദ്യം തന്നെ പുറത്തായത്. ഗപ്ടിലിനെ ജസ്പ്രീത് ബുംറയും മൺ‌റോയെ വാഷിങ്ടൺ സുന്ദറുമാണ് പുറത്താക്കിയത്. ടോം ബ്രൂസ് സഞ്ജു സാംസൺ- കെ എൽ രാഹുൽ കൂട്ടുക്കെട്ടിന്റെ അതിവേഗത്തിൽ റണ്ണൗട്ടാവുകയായിരുന്നു.

  നേരത്തെ വിരാട് കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ മികച്ച ബാറ്റിങ് പുറത്തെടുത്തതാണ് അഞ്ചാം ടി20യിൽ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു. 60 റൺസെടുത്ത രോഹിത് ശർമ റിട്ടയേർഡ് ഹർട്ടായി മടങ്ങി. കെ എൽ രാഹുൽ 45 റൺസും ശ്രേയസ് അയ്യർ പുറത്താകാതെ 33 റൺസുമെടുത്തു.

  ബാറ്റിങ്ങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ തുടക്കത്തിലേ മലയാളി താരം സഞ്ജു വി സാംസണിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട് രണ്ട് റൺസെടുത്ത സഞ്ജുവിനെ കുഗ്ലെയ്നിന്‍റെ പന്തിൽ സാന്‍റ്നർ പിടികൂടുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന രോഹിത് ശർമ്മയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ മടങ്ങിയതോടെ ഇന്ത്യയുടെ റൺനിരക്കിന് വേഗം കുറഞ്ഞു. ഒടുവിൽ ആഞ്ഞടിച്ച രോഹിത് ശർമയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാൻഡിനുവേണ്ടി സ്കോട്ട് കുഗ്ലെയ്ൻ, ഹാമിഷ് ബെന്നറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

  പരമ്പര ഉറപ്പിച്ചതിനാൽ യുവതാരങ്ങൾക്ക് കൂട്ടത്തോടെ അവസരം നൽകിയാണ് കളത്തിൽ ഇറങ്ങിയത്. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം റിഷഭ് പന്തിന് ഇന്നും ടീമിലേക്ക് പരിഗണിച്ചില്ല.
  First published: