ഇന്റർഫേസ് /വാർത്ത /Sports / ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; ന്യൂസിലാൻഡ് ജയിച്ചത് 10 വിക്കറ്റിന്

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; ന്യൂസിലാൻഡ് ജയിച്ചത് 10 വിക്കറ്റിന്

nz won

nz won

2019ൽ ഒരു ടെസ്റ്റും തോൽക്കാത്ത ഇന്ത്യക്ക് 2020ലെ ആദ്യ മത്സരത്തിൽ തന്നെ തോൽവി നേരിടേണ്ടി വന്നു

  • Share this:

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 10 വിക്കറ്റിനാണ് ന്യുസീലൻഡ് ഇന്ത്യയെ തകർത്തത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. രണ്ടിന്നിംഗ്സിലുമായി 9 വിക്കറ്റെടുത്ത ടിം സൗത്തിയാണ് മാൻ ഓഫ് ദ് മാച്ച്.

നാട്ടിൽ സൂര്യനുദിക്കും മുമ്പേ വെല്ലിംഗ്ടണിൽ ഇന്ത്യയുടെ കഥ കഴിഞ്ഞു. നാലു വിക്കറ്റിന് 144 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇന്നത്ത മൂന്നാം ഓവറിൽ തന്നെ രഹാനെയെ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ വിഹാരിയും വീണു. 79 മിനിറ്റ് കൊണ്ട് ഇന്നിംഗ്സ് തീരുന്പോൾ ഇന്ത്യ മുന്നോട്ട് വച്ചത് ഒമ്പത് റൺസ് വിജയലക്ഷ്യം. അഞ്ചു വിക്കറ്റെടുത്ത ടിം സൌത്തിയും നാലു വിക്കറ്റെടുത്ത ട്രെന്‍റ് ബോൾട്ടും ചേർന്നാണ് ഇന്ത്യയെ തകർത്തത്.

10 പന്തിൽ കളി തീർത്തു കിവീസ് തകർപ്പൻ ജയം സ്വന്തമാക്കി. ടെസ്റ്റിൽ നൂറാമത്തെ ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ടീമായി ന്യൂസിലാൻഡ് മാറി. 2019ൽ ഒരു ടെസ്റ്റും തോൽക്കാത്ത ഇന്ത്യക്ക് 2020ലെ ആദ്യ മത്സരത്തിൽ തന്നെ തോൽവി നേരിടേണ്ടിയും വന്നു.

ആദ്യ ഇന്നിംഗ്സിൽ 165 റൺസിന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നായകൻ വിരാട് കോഹ്ലി ഉൾപ്പടെയുള്ളവർ തീർത്തും നിരാശപ്പെടുത്തിയപ്പോൾ അജിൻക്യ രഹാനെ(46) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മായങ്ക് അഗർവാൾ 34 റൺസെടുത്തു. നാലു വിക്കറ്റ് വീതമെടുത്ത ടിം സൌത്തിയും കെയ്ൽ ജാമിസണുമാണ് ഇന്ത്യയെ തകർത്തത്.

ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 348 റൺസിന് പുറത്താകുകയായിരുന്നു. 89 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആയിരുന്നു ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ. റോസ് ടെയ്ലർ, കെയ്ൽ ജാമിസൺ എന്നിവർ 44 റൺസ് വീതം എടുത്തു. കോളിൻ ഡി ഗ്രാൻഡോമ്മെ 43 റൺസ് നേടി. അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയാണ് ഇന്ത്യൻ ബൌളിങ് നിരയിൽ തിളങ്ങിയത്. ആർ അശ്വിൻ മൂന്നു വിക്കറ്റെടുത്തു.

ശനിയാഴ്ച ക്രൈസ്റ്റ് ചർച്ചിലാണ് രണ്ടാം ടെസ്റ്റ്.

First published:

Tags: India cricket, India vs New Zealand, India vs New Zealand Cricket Test, India vs New Zealand Test Series, Virat kohli