HOME /NEWS /Sports / India Vs New Zealand T20 | കീവികളെ 'അടിച്ചൊതുക്കി' ഇന്ത്യ; ആദ്യ ടി20യിൽ ആറ് വിക്കറ്റ് ജയം

India Vs New Zealand T20 | കീവികളെ 'അടിച്ചൊതുക്കി' ഇന്ത്യ; ആദ്യ ടി20യിൽ ആറ് വിക്കറ്റ് ജയം

News18 Malayalam

News18 Malayalam

രാഹുലിനും ശ്രേയസ് അയ്യർക്കും അർധ സെഞ്ചുറി

  • Share this:

    ഓക്ക്‌ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ്  ജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19 ഓവറിൽ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും കെ എൽ രാഹുലും ക്യാപ്റ്റൻ വിരാട് കോലിയും ചേര്‍ന്ന് കിവീസ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. കെ എൽ രാഹുൽ 27 പന്തിൽ 56 റൺസും കോലി 32 പന്തിൽ 45 റൺസും നേടി. ശ്രേയസ് അയ്യർ 29 പന്തിൽ 58 റൺസ് നേടിയും മനീഷ് പാണ്ഡേ 12 പന്തിൽ 14 റൺസ് നേടിയും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് നേടി. മിച്ചൽ സാന്റ്നറും ബ്ലെയർ ടിക്നറും ഓരോ വീക്കറ്റ് വീഴ്ത്തി.

    ആറു പന്തില്‍ ഏഴു റണ്‍സെടുത്ത രോഹിത്തിനെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. മിച്ചല്‍ സാന്റ്‌നറാണ് രോഹിത്തിനെ പുറത്താക്കിയത്. 27 പന്തിൽ മൂന്ന് സിക്സും നാലു ഫോറും അടക്കം 56 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധി മടക്കി. ഒരു സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ബ്ലെയർ ടിക്നർക്കാണ് കോലിയുടെ വിക്കറ്റ്. ട്വന്റി20യിലെ പത്താം അർധസെഞ്ചുറി കുറിച്ച ലോകേഷ് രാഹുലാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ കോലി – രാഹുൽ സഖ്യം 99 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ, 23 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ അർധസെഞ്ചുറി പിന്നിട്ടത്. 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ 9 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിൽ‌ എത്തിയ മനീഷ് പാണ്ഡേ ശ്രേയസ് അയ്യർക്ക് ഉറച്ച പിന്തുണ നൽകി. മൂന്ന് സിക്സും അഞ്ചുഫോറുകളും അടങ്ങിയതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്.

    ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ആറാം ഓവറിൽ ന്യൂസിലാൻഡ് താരങ്ങൾ രണ്ട് റണ്ണൗട്ട് അവസരങ്ങൾ തുലച്ചത് ഇന്ത്യയ്ക്ക് രക്ഷയായി. രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ കോലിയും രാഹുലും ചേർന്ന് രക്ഷപ്പെടുത്തുന്നതിനിടെയാണ് റണ്ണൗട്ട് അവസരം കിവീസ് പാഴാക്കിയത്. ആദ്യം സൗത്തിയുടെ ഡയറക്ട് ത്രോ സ്റ്റംപിൽ തൊടാതെ പോയപ്പോൾ ജീവൻ നീട്ടിക്കിട്ടിയത് കോലിക്കായിരുന്നു. പിന്നാലെ രണ്ടാം റണ്ണൗട്ട് ശ്രമത്തിൽനിന്ന് രാഹുലും രക്ഷപ്പെട്ടു. ഇതിനു പിന്നാലെ കോലി –രാഹുൽ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു പിന്നിട്ടു. വെറും 27 പന്തിൽനിന്നാണ് ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടിലെത്തിയത്. ട്വന്റി20യിൽ കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ രാഹുൽ – കോലി സഖ്യത്തിന്റെ നാലാം അർധസെഞ്ചുറി കൂട്ടുകെട്ടാണിത്. ഇതിൽ ഒരെണ്ണം സെഞ്ചുറി കൂട്ടുകെട്ടിലെത്തി.

    ഓക്‌ലൻഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിൽ നിർബാധം സിക്സും ഫോറും കണ്ടെത്തിയാണ് കിവീസ് കൂറ്റൻ സ്കോറിലേക്കെത്തിയത്. ന്യൂസിലാൻഡിനായി ഓപ്പണർ കോളിൻ മൺറോ, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, റോസ് ടെയ്‌ലർ എന്നിവർ അർധസെഞ്ചുറി നേടി. മൺറോ 42 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്തപ്പോൾ, വില്യംസൻ 26 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ആറു വർഷത്തിനുശേഷം ട്വന്റി20യിൽ അർധസെഞ്ചുറി നേടിയ റോസ് ടെയ്‌ലർ, 27 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റൺസുമായി പുറത്താകാതെ നിന്നു.

    36 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതമാണ് മൺറോയുടെ 10–ാം ട്വന്റി20 അർധസെഞ്ചുറി കണ്ടെത്തിയത്. ക്യാപ്റ്റൻ വില്യംസനാകട്ടെ 25 പന്തിൽ നാലു വീതം ഫോറും സിക്സും സഹിതം 10–ാം ട്വന്റി20 അർധസെഞ്ചുറി പിന്നിട്ടു. അവസാന ഓവർ വരെ ക്രീസിൽനിന്ന ടെയ്‍ലർ 25 പന്തിലാണ് ആറാം ട്വന്റി20 അർധസെഞ്ചുറി കടന്നത്. മൂന്നു വീതം സിക്സും ഫോറും അകമ്പടിയായി. ഇന്ത്യൻ നിരയിൽ മൂന്ന് ഓവറിൽ 44 റൺസ് വഴങ്ങിയ ഷാർദുൽ താക്കൂറാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. ഒരു വിക്കറ്റാണ് ഷാർദൂൽ താക്കൂറിന്റെ സമ്പാദ്യം. മുഹമ്മദ് ഷമി നാല് ഓവറിൽ 53 റൺസ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും കിട്ടിയുമില്ല. നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹൽ എന്നിവരാണ് ഭേദപ്പെട്ടുനിന്നത്. ശിവം ദുബെ മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

    നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടംലഭിച്ചില്ല. മനീഷ് പാണ്ഡെ ടീമിൽ ഇടംപിടിച്ചു.

    First published:

    Tags: India vs New Zealand, KL RAHUL, T20 Series, Virat Kohli (C)