• HOME
  • »
  • NEWS
  • »
  • sports
  • »
  • ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; നാലാം ദിനം വേണ്ടിവന്നത് 12 പന്തുകൾ മാത്രം

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; നാലാം ദിനം വേണ്ടിവന്നത് 12 പന്തുകൾ മാത്രം

ഇന്ത്യ ജയിച്ചത് ഇന്നിംഗ്സിനും 202 റൺസിനും

News18

News18

  • News18
  • Last Updated :
  • Share this:
    റാഞ്ചി: ചരിത്രവിജയം സ്വന്തമാക്കാൻ നാലാം ദിനത്തിൽ ഇന്ത്യക്ക് വേണ്ടി വന്നത് വെറും പന്ത്രണ്ട് പന്തുകൾ മാത്രം. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി വെറും 133 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 335 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക 48 ഓവൽ 133 റൺസിന് പുറത്തായി. തെയൂനിസ് ഡിബ്രൂയിൻ, ലുങ്കി എൻഗിഡി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.  ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുന്നത് ഇതാദ്യമായാണ്.

    Also Read- സച്ചിന് പോലും സ്വന്തമാക്കാനാകാത്ത മൂന്ന് നേട്ടങ്ങളുമായി രോഹിത് ശർമ്മ

    നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. രണ്ടാം ഓവറിൽ അരങ്ങേറ്റ താരം ഷഹബാസ് നദീമിനെ കൊണ്ടുവന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ചുരുട്ടിക്കെട്ടി. അഞ്ചാം പന്തിൽ തെയൂനിസ് ഡിബ്രൂയിനെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ലുങ്കി എൻഗിഡിയെ സ്വന്തം ബോളിങ്ങിൽ പിടികൂടി നദീം ദക്ഷിണാഫ്രിക്കയുടെ പതനം പൂർത്തിയാക്കി. നേരിട്ട ആദ്യ പന്തിൽ എൻഗിഡി പുറത്തായത് കൗതുകകരമായ രീതിയിലായിരുന്നു. എൻഗിഡി അടിച്ചകറ്റിയ പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന എൻറിച് നോർജെയുടെ തോളിൽത്തട്ടി ഉയർന്നുപൊങ്ങി. നദീം പന്ത് അനായാസം കൈപ്പിടിയിലൊതുക്കി.

    9 വിക്കറ്റിന് 497 എന്ന സ്കോറിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 162ന് എല്ലാവരും പുറത്തായിരുന്നു. പൂനെയിൽ നടന്ന കഴിഞ്ഞ ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു. ഇതിനു മുൻപ് ഒരേ പരമ്പരയിൽ ദക്ഷിണാഫ്രിക്ക തുടർച്ചയായി രണ്ട് ഇന്നിങ്സ് തോൽവികൾ വഴങ്ങിയത് 1935–36 കാലഘട്ടത്തിലാണ്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളിൽ അവർ തുടർച്ചയായി ഇന്നിങ്സിന് തോറ്റിരുന്നു.

    First published: