ശ്രീലങ്കയ്ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയിലെ (test series) ആദ്യ ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ. മൊഹാലിയില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ അരങ്ങേറ്റ പരമ്പര കൂടിയാണിത്. ഇതിനുപുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (Virat Kohli) 100-ാ൦ ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയ രോഹിത്, ടെസ്റ്റ് ഫോർമാറ്റിലും ടീമിനെ നയിക്കാൻ കഴിയുന്നത് അഭിമാനമാണെന്നും ഒപ്പം തന്നെ ടെസ്റ്റിൽ 100-ാ൦ മത്സരം എന്ന സവിശേഷ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുന്ന വിരാട് കോഹ്ലിയെ അഭിനന്ദിക്കുക കൂടി ചെയ്തു. "ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സമീപകാലത്തു കൈവരിച്ച നേട്ടങ്ങളുടെ കാരണക്കാരൻ വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. കോഹ്ലി നിർത്തിയിടത്തുനിന്നും തുടങ്ങുക എന്ന ജോലി മാത്രമാണ് എനിക്കുള്ളത്" - എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ചുകൊണ്ട് രോഹിത് പറഞ്ഞത്. 100-ാ൦ ടെസ്റ്റ് കളിക്കുന്ന കോഹ്ലിയെ ഇന്ത്യൻ താരങ്ങളും ബിസിസിഐയും ചേർന്ന് ആദരിക്കുകയും ചെയ്തിരുന്നു.
സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുമെന്ന് വിലയിരുത്തലുള്ള മൊഹാലിയിലെ പിച്ചിൽ പ്ലെയിങ് ഇലവനിൽ മൂന്ന് സ്പിന്നര്‍മാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രൻ അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ സ്പിൻ ത്രയം. ഒരിടവേളയ്ക്ക് ശേഷമെത്തുന്ന മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസ് ആക്രമണം നയിക്കുന്നത്. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവർക്ക് പകരമായി ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവർ കളിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് ശ്രേയസ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഋഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പർ. പരിക്കേറ്റതിനാൽ കെ എൽ രാഹുൽ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടില്ല. മായങ്ക് അഗർവാളാണ് രോഹിത് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്.
Captain Rohit Sharma wins the toss and elects to bat first in the 1st Test.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.