ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോഹ്ലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് ഇന്ത്യ നേടിയത്. രോഹിതിന്റെയും ശുഭ്മാൻ ഗില്ലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത്- ഗില്‍ സഖ്യത്തിന് ഓപ്പണിംഗ് വിക്കറ്റില്‍ 143 റണ്‍സ് നേടാനായി. 67 പന്തിൽ 83 റൺസെടുത്ത രോഹിതിന് സെഞ്ച്വറി നഷ്ടമായി. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. 60 പന്തിൽ 70 റൺസാണ് ഗിൽ അടിച്ചു കൂട്ടിയത്. ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്കോർ 400 കടക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന 10 ഓവറിൽ ഇന്ത്യൻ സ്കോർ പിടിച്ച് നിർത്താൻ ശ്രീലങ്കയ്ക്കായി.
അവസാന 10 ഓവറിൽ 79 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. നിശ്ചിത ഇടവേളകളിൽ വിക്കറ്റു വീഴ്തി ശ്രീലങ്ക ഇന്ത്യൻ സ്കോർ പിടിച്ച് നിർത്തി. എങ്കിലും 373 എന്ന മികച്ച സ്കോറിലേക്ക് ഇന്ത്യയ്ക്ക് എത്താൻ സാധിച്ചു.
87 പന്തിൽ 12 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് കോഹ്ലി 113 റൺസെടുത്തത്. കോഹ്ലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചുറിയിലേക്കെത്തി.
ശ്രീലങ്കയ്ക്കായി കാസുൻ രജിത 3 വിക്കറ്റും മധുസങ്കയും കരുണരത്നെയും സനകയും ധനജ്ഞയ ഡിസിൽവയും ഓരോ വിക്കറ്റുവീതവും വീഴ്ത്തി.
ഇന്ത്യൻ ടീം പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ(വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.