ലീഡ്സ്: ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും ഇതുവരെ മുഖാമുഖം വന്നിട്ടുള്ളത് എട്ടു തവണയാണ്. ഇതില്‍ നാലിലും ജയിച്ചത് ശ്രീലങ്കയാണ്. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 1996 ലോകകപ്പിലെ സെമി ഫൈനലും 2011 ലോകകപ്പ് ഫൈനലും എന്നും ഓര്‍മയില്‍ തങ്ങി നില്ക്കുന്ന മത്സരങ്ങളാണ്
1979 ലോകകപ്പിലാണ് ഇന്ത്യയും ശ്രീലങ്കയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ടെസ്റ്റ് പദവി പോലുമില്ലാത്ത ശ്രീലങ്ക, ഇന്ത്യയെ 47 റണ്‍സിന് തോല്പിച്ചു. 1992ലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. 1996 ലെ ഗ്രൂപ്പ് ഘട്ടത്തില്‍ 6 വിക്കറ്റിന് ലങ്കന്‍ ജയം. സെമിയില്‍ കൊല്‍ക്കത്തയില്‍ ഇരു ടീമും വീണ്ടും നേര്‍ക്കുനേര്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അരവിന്ദ ഡിസില്‍വയുടെയും റോഷന് മഹാനാമയുടെയും അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ 251 റണ്‍സെടുത്തു.
Also Read: പ്രാഥമിക റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് അവസാനമത്സരം
65 റണ്‍സെടുത്ത സച്ചിന് 98 ല്‍ വച്ച് പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 1ന് 98 ല്‍ നിന്ന് 8ന് 120ലേക്ക് ഇന്ത്യ കൂപ്പുകുത്തി. അതോടെ ഈഡന് ഗാര്‍ഡന്‍സിലെ കാണികള്‍ അക്രമാസക്തരായി. ഒടുവില്‍ മത്സരം തുടരാനാകാതെ ശ്രീലങ്കയെ വിജയകളായി പ്രഖ്യാപിക്കേണ്ടി വന്നു. കണ്ണീരോടെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ വിനോദ് കാംബ്ലി ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസിലെ നോവുന്ന ഓര്‍മയാണ്.
1999 ലാണ് ആദ്യമായി ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തോല്പിക്കുന്നത്. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ നേടിയത് 373 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ശ്രീലങ്കയുടെ ഇന്നിങ്സ് 216ല്‍ അവസാനിച്ചു. ഇന്ത്യക്ക് 157 റണ്‍സ് ജയം. 2003 ലോകകപ്പിലും ഇന്ത്യ തകര്‍പ്പന്‍ ജയം ആവര്‍ത്തിച്ചു. 183 റണ്‍സിനായിരുന്നു ജയം. 2007ല്‍ പക്ഷെ ശ്രീലങ്കയുടെ 69 റണ്‍സ് ജയം, ഇന്ത്യക്ക് ആദ്യ റൗണ്ടില്‍ തന്നെ ലോകകപ്പില്‍ നിന്നുള്ള മടക്ക ടിക്കറ്റ് നല്കി
2011ലെ കലാശപ്പോരാട്ടത്തിലായിരുന്നു പിന്നീട് ഇന്ത്യ - ശ്രീലങ്ക പോരാട്ടം. ജയവര്‍ദ്ധനെയുടെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്ക 274 റണ്‍സ്. സച്ചിനെയും സെവാഗനെയും ആദ്യമേ നഷ്ടമായെങ്കിലും ഗംഭീറും പിന്നെ ധോണിയും ഇന്ത്യയെ തിരികെക്കൊണ്ടുവന്നു. ഒടുവില്‍ 49 ാം ഓവറിന്റെ രണ്ടാം പന്തില്‍ ഇന്ത്യ ഒരിക്കലും മറക്കാത്ത ധോണിയുടെ സിക്സര്‍ പിറക്കുന്നത്. ഒരു ലോകകപ്പിന്റെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യ- ശ്രീലങ്ക മത്സരത്തിനാണ്. അവസരമൊരുങ്ങിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.