നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ഇന്ത്യ- ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

  ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ഇന്ത്യ- ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

  ഗ്രാന്റ് ഫ്‌ലവറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  പരിശീലന വേളയിൽ ഇന്ത്യൻ താരങ്ങൾ

  • Share this:
   ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്‌ലവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

   ഗ്രാന്റ് ഫ്‌ലവറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചിരിക്കുന്നത്. ഗ്രാന്റ് ഫ്‌ലവറിനും നിരോഷനും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

   ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ ബബിളിലാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സഥിരീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. അതേസമയം പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് കൊളംബോയില്‍ നടത്തുന്നത്.

   ശ്രീലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുണ്‍ ഷനാകയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയില്‍ നയിക്കുന്നത. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്.

   മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്.
   Published by:Sarath Mohanan
   First published:
   )}