കോഹ്ലിയും രാഹുലും കസറി; ഹൈദരാബാദിൽ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം

208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ മറികടന്നു

News18 Malayalam | news18-malayalam
Updated: December 6, 2019, 10:42 PM IST
കോഹ്ലിയും രാഹുലും കസറി; ഹൈദരാബാദിൽ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം
വിരാട് കോഹ്ലി
  • Share this:
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി 20 മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. 50 പന്തിൽ 94 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയും 40 പന്തിൽ 62 റൺസെടുത്ത കെ എൽ രാഹുലുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 208 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം എട്ടു പന്തുകൾ അവശേഷിക്കവെ ഇന്ത്യ മറികടന്നു. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും.

208 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് എട്ട് റണ്‍സെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഖാരി പിയറിയുടെ പന്തില്‍ ഷിംറോണ്‍ ഹെറ്റ് മെയർ പിടിച്ചാണ് രോഹിത് പുറത്തായത്. ക്യാപ്റ്റൻ ക്രീസിലെത്തിയതോടെ രാഹുൽ സ്കോറിംഗ് വേഗത കൂട്ടി. നാലു സിക്സും അഞ്ചു ഫോറും പറത്തിയാണ് രാഹുൽ അർധ സെഞ്ചുറി പൂർത്തിയാക്കിയത്. ആറു വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഖാരി പിയറിക്ക് വിക്കറ്റ് നൽകി രാഹുൽ മടങ്ങിയതിന് പിന്നാലെ എത്തിയ റിഷഭ് പന്ത് രണ്ട് സിക്സറുകൾ പായിച്ച് 9 പന്തിൽ 18 റൺസുമായി മടങ്ങി. ശ്രേയംസ് അയ്യർ നാല് റൺസെടുത്ത് മടങ്ങി. ഖാരി പിയറി രണ്ടും ഷെൽഡൺ കോർട്ടലും കിറോൺ പൊള്ളാർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. രാജ്യാന്തര ട്വന്റി20യിലെ കന്നി അർധസെഞ്ചുറി കുറിച്ച ഷിംറോൺ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 41 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 56 റൺസെടുത്ത ഹെറ്റ്മയറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. എവിൻ ലൂയിസ് 40(17), ബ്രണ്ടൻ കിങ് 31(23), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് 47(19), ജെയ്സൻ ഹോൾഡർ 24(9)* എന്നിവർ ഉറച്ച പിന്തുണ നൽകി. 15 സിക്സറുകളാണ് വിൻഡീസ് താരങ്ങൾ പായിച്ചത്. നാലു വീതം സിക്സുകളുമായി എവിൻ ലൂയിസ്, ഹെറ്റ്മയർ, പൊള്ളാർഡ് എന്നിവരാണ് ഇന്ത്യൻ ബോളിങ്ങിനെ പലകുറി അതിർത്തി കടത്തിയത്.

Also Read- ബുമ്രയെ ശിശുവെന്ന് പരിഹസിച്ച അബ്ദുൾ റസാഖിന് ഇർഫാൻ പഠാന്റെ മറുപടി

ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹൽ രണ്ടും രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യൻ നിരയിൽ ഏറ്റവുമധികം പ്രഹരമേറ്റു വാങ്ങിയത്. മലയാളി താരം സഞ്ജു സാംസണെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ല. കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല.
Published by: Rajesh V
First published: December 6, 2019, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading