ആന്റിഗ്വ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വിജയിക്കാൻ വെസ്റ്റിൻഡീസിന് 419 റൺസേ വേണം. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെയും ഹനുമാ വിഹാരിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ലീഡ് നേടിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ, ഏഴു വിക്കറ്റ് നഷ്ടത്തിൽ 343 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹനുമ വിഹാരിയുടെ കന്നി സെഞ്ചുറിക്കായി ക്യാപ്റ്റൻ വിരാട് കോഹ്ലി ഡിക്ലറേഷൻ വൈകിച്ചെങ്കിലും നാഴികക്കല്ലിന് ഏഴു റൺസകലെ വിഹാരി പുറത്തായി. ഇതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സും ഡിക്ലയർ ചെയ്തു.
രണ്ടു വർഷത്തെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഉപനായകൻ അജിങ്ക്യ രഹാനെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ടോപ് സ്കോറർ. 242 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 102 റൺസെടുത്താണ് രഹാനെ പുറത്തായത്. ടെസ്റ്റിൽ രഹാനെയുട പത്താം സെഞ്ചുറിയാണിത്. ഒന്നാം ഇന്നിങ്സിലും 81 റൺസെടുത്ത രഹാനെയായിരുന്നു ഇന്ത്യൻ ടോപ് സ്കോറർ. കന്നി ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിട്ട് കുതിച്ച വിഹാരി, 128 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും സഹിതം 93 റൺസെടുത്താണ് പുറത്തായത്. പരമാവധി വേഗം സെഞ്ചുറിയിലേക്കെത്താനുള്ള ശ്രമത്തിലാണ് വിഹാരി പുറത്തായത്. അഞ്ചാം വിക്കറ്റിൽ രഹാനെ – വിഹാരി സഖ്യം 135 റൺസ് കൂട്ടിച്ചേർത്തു. ഒന്നാം ഇന്നിങ്സിലും ഇരുവരും ചേർന്ന് 82 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു.
ക്യാപ്റ്റൻ വിരാട് കോഹ്ലി (113 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 51), ഋഷഭ് പന്ത് (10 പന്തിൽ ഏഴ്) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. രവീന്ദ്ര ജഡേജ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. വിൻഡീസിനായി റോസ്റ്റൻ ചേസ് 38 ഓവറിൽ 132 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കെമർ റോച്ച്, ഷാനൻ ഗബ്രിയേൽ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസിനെ 222 റണ്‍സിന് പുറത്താക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297ല്‍ അവസാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajinkya Rahane (vc), Hanuma Vihari, India, India Vs West Indies, West Indies