• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs West Indies| മുൻനിര മങ്ങി; സൂര്യകുമാറും രാഹുലും തിളങ്ങി; വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

India vs West Indies| മുൻനിര മങ്ങി; സൂര്യകുമാറും രാഹുലും തിളങ്ങി; വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ- സൂര്യകുമാർ സഖ്യം 91 റൺസ് ചേർത്തു

അർധ സെഞ്ചുറി നേടിയ സുര്യകുമാർ യാദവ്

അർധ സെഞ്ചുറി നേടിയ സുര്യകുമാർ യാദവ്

  • Share this:
    അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 238 റൺസ് വിജയലക്ഷ്യം. ഓപ്പണിങ്ങിൽ നടത്തിയ പരീക്ഷണം പിഴച്ചതോടെ തകർച്ച നേരിട്ട ഇന്ത്യയ്ക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് മാത്രമാണ് നേടാനായത്. സൂര്യകുമാർ യാദവ് (83 പന്തിൽ 5 ഫോർ അടക്കം 64), കെ എൽ രാഹുൽ (48 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 49) എന്നിവരുടെ ചെറുത്തുനിൽപാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വിൻഡീസിനായി ഒഡിയൻ സ്മിത്ത്, അൽസരി ജോസഫ് എന്നിവർ രണ്ടും, കെമാർ റോച്ച്, അക്കീൽ ഹൊസെയ്ൻ, ഫേബിയൻ അലൻ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

    ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 43 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 5 (8), ഋഷഭ് പന്ത് 18 (34), വിരാട് കോഹ്ലി 18(30) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽത്തന്നെ നഷ്ടമായത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന കെ എൽ രാഹുലും സൂര്യകുമാർ യാദവുമാണ് പിടിച്ചുനിന്നത്.

    മൂന്നാം ഓവറിൽ രോഹിത്തിനെ പുറത്താക്കി കേമാർ റോച്ചാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പണറായി എത്തിയ പന്ത് നന്നായി തുടങ്ങിയെങ്കിലും 12ാം ഓവറിൽ ആദ്യം പന്തിനെയും പിന്നാലെ കോഹ്ലിയെയും ഒഡിയൻ സ്മിത്ത് പുറത്താക്കി. സ്മിത്തിനെ പുൾ ചെയ്യാനുള്ള പന്തിന്റെ ശ്രമം ജെയ്സൻ ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. അതേ ഓവറില്‍ കോഹ്ലി എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ഷായ് ഹോപ് സുരക്ഷിതമായി കൈയിലൊതുക്കി.

    നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ- സൂര്യകുമാർ സഖ്യം 91 റൺസ് ചേർത്തു. എന്നാൽ അർധ സെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെ ഇല്ലാത്ത റണ്ണിനായി ശ്രമിച്ച രാഹുൽ റണ്ണൗട്ടായി. അർധ സെഞ്ചുറിക്കു പിന്നാലെ സൂര്യകുമാറിനെ ഫേബിയൻ അലൻ മടക്കിയതോടെ വിൻഡീസ് വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ച വാഷിങ്ടൺ സുന്ദറിനെ (41 പന്തിൽ 24) സ്പിന്നർ അക്കീൽ ഹൊസെയ്ൻ പുറത്താക്കി. ഹൊസെയ്നെ സിക്സ് അടിക്കനുള്ള സുന്ദറിന്റെ ശ്രമം ബൗണ്ടറി ലൈനിൽ അൽസരി ജോസഫിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

    അൽസരി ജോസഫിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ശാർദൂൽ ഠാക്കൂറും 8(15) പുറത്തായി. പിന്നാലെ മുഹമ്മദ് സിറാജിനെയും 3(5) അൽസരിതന്നെ മടക്കി. 48ാം ഓവറിൽ ജെയ്സൻ ഹോൾഡർക്ക് വിക്കറ്റ് നൽകി ദീപക് ഹൂഡയും 29(25) മടങ്ങി. യുസ്‌വേന്ദ്ര ചെഹൽ 11(10),പ്രസീദ് കൃഷ്ണ 0(3) എന്നിവർ പുറത്താകാതെ നിന്നു.

    പരിക്കേറ്റ കെയ്റൻ പൊള്ളാർഡിന് പകരം നിക്കോളാസ് പുരാനാണ് വിൻഡീസിനെ നയിക്കുന്നത്. ഇന്ത്യൻ നിരയിൽ ഇഷൻ കിഷന് പകരം കെ എൽ രാഹുൽ മടങ്ങിയെത്തി.
    Published by:Rajesh V
    First published: