മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റ്സമാൻമാരുടെ വക സിക്സർ മഴ. കെ എല്‍ രാഹുലും വിരാട് കോഹ്ലിയും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ നിര്‍ണായക മൂന്നാം ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 240 റണ്‍സെടുത്തു. കെ എൽ രാഹുല്‍ (56 പന്തില്‍ 91), രോഹിത് ശർമ (34 പന്തില്‍ 71), വിരാട് കോഹ്ലി (29 പന്തില്‍ 70*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ തീരുമാനം പിഴച്ചു. പരമ്പരയില്‍ തിളങ്ങാനായില്ല എന്ന പഴിക്ക് തിരിച്ചടി നല്‍കി രോഹിത്- രാഹുൽ ഓപ്പണിംഗ് സഖ്യം തകർത്തടിച്ചു. പവര്‍പ്ലേയില്‍ പിറന്നത് 72 റണ്‍സ്. എട്ട് ഓവറില്‍ സ്കോർ 100 കടന്നു. പിയറിയെ സിക്‌സര്‍ പറത്തി രോഹിത് 23 പന്തില്‍ അർധ സെഞ്ചുറി തികച്ചു. കെ എല്‍ രാഹുല്‍ 29 പന്തിലും 50 പിന്നിട്ടു.
പത്ത് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 116. എന്നാല്‍ 12ാം ഓവറിലെ നാലാം പന്തില്‍ കെസ്രിക്കിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് രോഹിത് വാള്‍ഷിന്‍റെ ക്യാച്ചില്‍ മടങ്ങി. 34 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 71 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മൂന്നാമനായെത്തിയത് ഋഷഭ് പന്ത്. ക്രീസിലെത്തി രണ്ടാം പന്തില്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി അക്കൗണ്ട് തുറക്കാതെ പന്ത് കൂടാരം കയറി.
Also Read- വിൻഡീസിനെതിരായ ഏകദിനം: സഞ്ജു ടിമിലില്ല; ധവാന് പകരം മായങ്ക് അഗർവാൾപിന്നീട് ക്രീസിലൊന്നിച്ച രാഹുലിനും കോഹ്ലിക്കും ആശങ്കകളുണ്ടായിരുന്നില്ല. 15ാം ഓവറില്‍ ഹോള്‍ഡറെ 22 റണ്‍സടിച്ചു. ഇതിനിടെ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവരം ഹോള്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. 16ാം ഓവറില്‍ വില്യംസ് റണ്ണൊഴുക്കിന് തടയിട്ടെങ്കിലും 17ാം ഓവറില്‍ കോട്രലും 18ാം ഓവറില്‍ വില്യംസും തലങ്ങുംവിലങ്ങും അടിവാങ്ങി. 19ാം ഓവറില്‍ പൊള്ളാര്‍ഡിന്‍റെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി കോഹ്ലി 21 പന്തില്‍ അർധ സെഞ്ചുറി തികച്ചു.
അവസാന ഓവറിലെ നാലാം പന്തില്‍ രാഹുലിനെ കോട്രല്‍ മടക്കി. എന്നാല്‍ അവസാന പന്ത് ഗാലറിയിലെത്തിച്ച് നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ സ്‌കോര്‍ 240ലെത്തിച്ചു. 70 റണ്‍സെടുത്ത കോഹ്ലിക്കൊപ്പം ശ്രേയസ് അയ്യര്‍ (0*) പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബാറ്റ്സ്മാൻമാർ 16 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.