• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs ZIM | സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര ജയം; സഞ്ജു ടോപ് സ്കോറര്‍

IND vs ZIM | സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര ജയം; സഞ്ജു ടോപ് സ്കോറര്‍

ഷാർദുൽ താക്കൂറിന്‍റെ മികച്ച ബോളിങ്ങാണ് സിംബാബ്‌വെയെ ചെറിയ സ്കോറില്‍ ഒതുക്കിയത്

 • Last Updated :
 • Share this:
  ഹരാരെ: സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.

  കഴിഞ്ഞ മൽസരത്തിലെ ഹീറോ ദീപക് ചഹാറിന് പകരം ടീമിലെത്തിയ ഷർദുൽ താക്കൂറിന്‍റെ മികച്ച ബോളിങ്ങാണ് സിംബാബ്‌വെയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്.

  സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍.രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വിജയം സമ്മാനിച്ച ഗില്ലും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.

  ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. ഷിവാന്‍ഗയുടെ പന്തില്‍ സിക്‌സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയ്യിലൊതുങ്ങി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി.

  ധവാന് പകരം വന്ന ഇഷാന്‍ കിഷനും തിളങ്ങാനായില്ല. 13 പന്തുകള്‍ നേരിട്ട കിഷന്‍ വെറും 6 റണ്‍സ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്വെയുടെ പന്ത് കിഷന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി. ഇതോടെ ഇന്ത്യ 97 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

  അഞ്ചാം വിക്കറ്റില്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ഒരുമിച്ചതോടെ ഇന്ത്യന്‍ ബാറ്റിങ്ങ് വേഗത കൈവരിച്ചു.   ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ അക്ഷര്‍ പട്ടേലിനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്‌സടിച്ചുകൊണ്ടാണ് സഞ്ജു മത്സരം അവസാനിപ്പിച്ചത്. സഞ്ജു 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ പതിഞ്ഞതാളത്തിലാണ് തുടങ്ങിയത്. ഓപ്പണർമാരായ തകുട്‌സ്വാനാഷെ കൈറ്റാനോയും ഇന്നസെന്റ് കൈയും ചേര്‍ന്ന് അവർക്ക് ഭേദപ്പെട്ട തുടക്കം നൽകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഒമ്പതാം ഓവറിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്‌വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴ് റണ്‍സെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു മടക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കൈയെ ഷർദുൽ താക്കൂർ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ നന്നായി ബാറ്റു ചെയ്ത സിംബാബ്‌വെ ക്യാപ്റ്റൻ റെഗിസ് ചക്കാബ്വയെയും ശാർദുല്‍ മടക്കി. പിന്നാലെ രണ്ട് റണ്‍സെടുത്ത വെസ്ലി മധേവെറെയേ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ആഞ്ഞടിച്ചതോടെ നാലിന് 31 എന്ന സ്‌കോറിലേക്ക് ആതിഥേയർ കൂപ്പുകുത്തി.

  സ്കോർ നൂറിൽ ഒതുങ്ങുമെന്ന് തോന്നിച്ച ഈഘട്ടത്തിൽ ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും സീന്‍ വില്യംസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും ഭേദപ്പെട്ട സ്കോറിലേക്ക് അവരുടെ ടീമിനെ നയിക്കാൻ കഴിഞ്ഞില്ല. 16 റണ്‍സെടുത്ത റാസയെ കുല്‍ദീപ് ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. റാസയ്ക്ക് പകരം എത്തിയ റയാൻ ബേളിനൊപ്പം ചേർന്ന് വില്യംസ് സിംബാബ്‌വെയെ മുന്നോട്ടു നയിച്ചു. ഈ കൂട്ടുകെട്ടാണ്. സിംബാബ്‌വെ സ്‌കോര്‍ 100 കടത്താൻ സഹായിച്ചത്. മികച്ച രീതിയിൽ ബാറ്റുചെയ്യുമ്പോൾ അനാവശ്യ ഷോട്ട് കളിച്ച് സീന്‍ വില്യംസ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് നൽകി പവലിയനിലേക്ക് പോയി. 42 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്താണ് വില്യംസ് മടങ്ങിയത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ ആതിഥേയരെ 161 റൺസിൽ ഒതുക്കി. എന്നാൽ റയാൻ ബേൾ 39 റൺസെടുത്ത് പുറത്താകാതെ നിന്നു.
  Published by:Arun krishna
  First published: