നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് ടി20 മത്സരം ഒക്ടോബറില്‍

  T20 World Cup | ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് ടി20 മത്സരം ഒക്ടോബറില്‍

  ദുബായ് ആയിരിക്കും ഇന്ത്യ-പാക് മത്സരത്തിന്റെ വേദി എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

  News18

  News18

  • Share this:
   പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ടി വി ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം തത്സമയ സംപ്രേഷണം നടക്കുമ്പോഴായിരുന്നു. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു.

   ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021 മാര്‍ച്ച് 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ഗ്രൂപ്പിലേക്ക് ടീമുകളെ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ ഇന്ത്യ- പാക് മത്സര തിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24ന് പാകിസ്ഥാനെ നേരിടും. ദുബായ് ആയിരിക്കും ഇന്ത്യ-പാക് മത്സരത്തിന്റെ വേദി എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഇപ്പോള്‍ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങള്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

   ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഒന്നാം ഗ്രൂപ്പിലെ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറും.

   ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ട്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പോലും ഇത് സമ്മതിച്ചിട്ടുള്ളതുമാണ്.

   കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}