• HOME
 • »
 • NEWS
 • »
 • sports
 • »
 • INDIA WILL FACE SRI LANKA IN T20 SERIES DECIDER MATCH TODAY

IND vs SL | 'മൂന്നാം നിര' ടീമുമായി ഇന്ത്യ, ആത്മവിശ്വാസത്തോടെ ശ്രീലങ്ക, പരമ്പര വിജയികളെ ഇന്നറിയാം

ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ 20 അംഗ ടീമില്‍ ക്രൂണല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒമ്പത് താരങ്ങളെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

News18 Malayalam

News18 Malayalam

 • Share this:
  ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയിലെ പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മൂന്നാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരം ഇന്ത്യ 38 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയം നേടി ശ്രീലങ്ക 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ കഴിയും. ഏകദിന പരമ്പര നഷ്ടപ്പെടുത്തിയ ആതിഥേയര്‍ക്ക് എന്ത് വില കൊടുത്തും ഇന്നത്തെ മത്സരം ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്. ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ 20 അംഗ ടീമില്‍ ക്രൂണല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒമ്പത് താരങ്ങളെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

  ചുരുക്കിപറഞ്ഞാല്‍, ഇന്ത്യയുടെ മൂന്നാം നിര ടീമാണ് ഇപ്പോള്‍ കളിക്കുന്നത്. എന്നിരുന്നാലും, രണ്ടാം ടി20 മത്സരത്തില്‍ അവസാന നിമിഷം വരെ പൊരുതി നില്‍ക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നു. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഐസൊലേഷനില്‍ ആയതോടെ ഇന്ത്യക്ക് കളിക്കാന്‍ ബാറ്റ്സ്മാന്‍മാരില്ലാത്ത അവസ്ഥയായിരുന്നു. രണ്ടാം മത്സരത്തില്‍ റുതുരാജ് ഗെയ്ക്വാട്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, ശിഖര്‍ ധവാന്‍ എന്നിവരാണ് ബാറ്റിങ് നിരയിലുണ്ടായിരുന്നത്. ശിഖര്‍ ധവാന്‍ ഒഴികെ ഇവരിലാര്‍ക്കും തന്നെ തിളങ്ങാനായില്ല. ആറാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്കായി ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്.

  ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക മറികടന്നത്. ആറ് വിക്കറ്റുകളും ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നു. ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് മുഴുവന്‍ പ്രശ്‌നങ്ങളും. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെക്കുന്നതില്‍ ബാറ്റിങ് നിരക്ക് പരാജയപ്പെടുന്നു. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്.

  മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. മൂന്നാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പുതുമുഖ താരം റുതുരാജ് ഗെയ്ക്വാടിനെ നെ മൂന്നാം നമ്പറിലിറക്കി ദേവ്ദത്ത് പടിക്കലിനെ ഓപ്പണറാക്കിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്തേക്കും. പവര്‍പ്ലേയില്‍ മികച്ച റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ധവാനും റുതുരാജും വമ്പനടിക്ക് മുതിരാതെ വരുന്നതോടെ പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്‍ നിരക്ക് കുറയുകയാണ്. ഈ സാഹചര്യത്തില്‍ പവര്‍പ്ലേ മുതലാക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. അതേസമയം ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. പുതുമുഖ താരം ചേതന്‍ സക്കറിയയും ബൗളിംഗ് യൂണിറ്റിന് കരുത്തേകും.
  Published by:Sarath Mohanan
  First published:
  )}