ഐ സി സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18ന് ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യൻ ടീം കരുത്തരായ ന്യൂസിലൻഡ് ടീമിനെയാണ് കലാശപ്പോരാട്ടത്തിൽ നേരിടുക. അതിനു ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. നിലവിൽ മുംബൈയിൽ ക്വാറന്റൈനിൽ ഉള്ള ഇന്ത്യൻ താരങ്ങൾ ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ആകും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ കുറച്ചു കാലങ്ങളായി ഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീം സ്വദേശത്തും വിദേശത്തും കാഴ്ച വെക്കുന്നത്. ഓസ്ട്രേലിയൻ ടീമിന്റെ കുത്തകയായ ഗാബ്ബയിൽ വരെ അവരെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ബോർഡർ ഗവാസ്‌കർ ട്രോഫി നേടിയ ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയിരുന്നു.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാനപോരാട്ടം തന്നെയാണ്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഒരിക്കൽ പോലും ഇത് നേടാൻ കഴിഞ്ഞിട്ടില്ല. 2007ൽ ദ്രാവിഡും കൂട്ടരുമാണ് അത് നേടിയത്. ഈയിടെ ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ പരമ്പര നേടുമെന്ന് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ദ്രാവിഡിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
Also Read- ലോക ടെസ്റ്റ് ഇലവനുമായി പാറ്റ് കമ്മിൻസ്; നാല് പേർ ഇന്ത്യക്കാർ ടീമിൽ ഇടംനേടി
'രാഹുല്‍ഭായിയുടെ അഭിപ്രായത്തോട് തീർച്ചയായും ഞാൻ യോജിക്കുന്നു. നിലവിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ ഏറ്റവും മികച്ച അവസരമാണെന്നാണ് വ്യക്തമാക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ സാധ്യത കുറവായിരുന്നു. നിരവധി പരിക്കുകള്‍ ഉണ്ടായി. എന്നിട്ടും ഇന്ത്യൻ ടീമിന് അവിടെ ജയിക്കാനായി. അത്തരമൊരു സാഹചര്യത്തില്‍ പകുതി ടീമുമായി ജയിക്കാന്‍ സാധിച്ചെങ്കില്‍ ഫുള്‍ ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ തോല്‍പ്പിക്കാനാവും. ഇതൊരു മികച്ച അവസരമാണെന്നാണ് ഞാൻ കരുതുന്നത്.'- ആകാശ് ചോപ്ര വിശദമാക്കി.
2018ലാണ് പട്ടൗഡി ട്രോഫി അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകർത്ത് വിട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ആഗസ്റ്റ് നാല് മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അതേ ടീം തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യക്ക് വേണ്ടി ഇറങ്ങുക.
News summary: Akash chopra agrees with Rahul Dravid' opinion that India has a great chance to win the upcoming test series in England.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aakash Chopra, Dravid, India Tour of England, India Vs England, India Vs England Test series, WTC Final