ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ നടന്ന ഒരു സംഭവം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ് എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്സിനിടെ അമ്പയർ ഔട്ട് വിളിക്കാതിരുന്നിട്ടും ഔട്ടെന്ന് സ്വയം വിധിച്ച് തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇന്ത്യൻ വനിതാ ടീം ബാറ്റർ പൂനം റാവത്താണ് ക്രിക്കറ്റ് മാന്യന്മാരുടെ കളി തന്നെയെന്ന് അടിവരയിട്ടത്.
ക്വീന്സ്ലന്ഡിലെ കറാറ ഓവലില് നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് പൂനം മാന്യതയുടെ പര്യായമായി മാറിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് സംഭവം. രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സോഫി മോളിനെക്സ് എറിഞ്ഞ 81ാ൦ ഓവറിലാണ് പൂനം 'സ്വയം പുറത്തായത്'. ഓവറിലെ നാലാം പന്തിൽ പൂനത്തെ സോഫി മോളിനെക്സ് വിക്കറ്റ് കീപ്പർ അലീസ ഹീലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ക്യാച്ച് എന്ന രീതിയിൽ വിക്കറ്റിനായി ഓസീസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ട് ഔട്ട് എന്നാണ് വിളിച്ചത്. ക്യാച്ച് ആണോ അല്ലയോ എന്ന് ഓസീസ് താരങ്ങൾക്കും സംശയമുണ്ടായിരുന്നുവെന്ന് അവരുടെ ദുർബലമായ അപ്പീലിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ തനിക്ക് അനുകൂലമായ വിധി വന്നിട്ടും ക്രീസിൽ തുടരാൻ അവസരമുണ്ടായിരുന്നിട്ട് കൂടി അത് കണക്കിൽ എടുക്കാതെ പൂനം റാവത്ത് സ്വയം വിക്കറ്റെന്ന് ഉറപ്പിച്ച് നടന്നകലുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്.
ഇടയ്ക്ക് അമ്പയറെ ഒന്ന് തിരിഞ്ഞുനോക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ താരത്തെ ഇന്ത്യൻ താരങ്ങൾ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. പൂനം ക്രീസിൽ നിന്നും മടങ്ങുന്നത് കണ്ട് ആദ്യം അമ്പരന്ന് നിന്നതിന് ശേഷമാണ് അവർ വിക്കറ്റ് വീണതിന്റെ ആഘോഷത്തിലേക്ക് കടന്നത്. ഓസ്ട്രേലിയൻ ടീമിലെ താരമായ ബെത് മൂണി താനായിരുന്നു ക്രീസിൽ ഉണ്ടായിരുന്നതെങ്കിൽ അമ്പയർ ഔട്ട് വിളിക്കാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ തിരികെ മടങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡിആർഎസ് സംവിധാനം ഉപയോഗിക്കപ്പെടാത്ത ടെസ്റ്റിൽ സ്വയം ഔട്ടെന്ന് തീർച്ചപ്പെടുത്തി പുറത്തായ പൂനത്തിന്റെ തീരുമാനത്തിന് വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കുന്നത്.
പൂനത്തിന്റെ തീരുമാനം വലിയ കയ്യടി നേടുമ്പോൾ 10 വർഷങ്ങൾക്ക് മുൻപ് നടന്ന സമാന സംഭവം ഏവരും ഓർക്കുന്നുണ്ടാകും. 2011ൽ ഇന്ത്യ കിരീടം നേടിയ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറും അമ്പയർ ഔട്ട് വിളിക്കാതിരുന്നിട്ട് കൂടി സ്വമേധയാ ഔട്ടായിരുന്നു. അന്ന് രവി രാംപോളിന്റെ മികച്ച ഒരു പന്തിൽ വിക്കറ്റ് കീപ്പർ ഡെവോൺ തോമസ് പിടിച്ചാണ് സച്ചിൻ പുറത്തായത്. വിൻഡീസ് താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് വിളിച്ചില്ല. എന്നാൽ അമ്പയറുടെ തീരുമാനം എന്താണെന്ന് പോലും നോക്കാതെ സച്ചിൻ തിരികെ മടങ്ങുകയായിരുന്നു. അന്ന് സച്ചിന്റെ തീരുമാനത്തിനും വലിയ അഭിനന്ദനമാണ് ലഭിച്ചത്. 2019 ഏകദിന ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇത്തരത്തിൽ സ്വയം പുറത്തായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.