നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • മഴ കളി മുടക്കി; പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസിനെതിരെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ

    മഴ കളി മുടക്കി; പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസിനെതിരെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ

    ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 132/1 എന്ന നിലയിലാണ്. സ്‌മൃതി മന്ഥാന (80*), പൂനം റാവത്ത് (16*) എന്നിവരാണ് ക്രീസിൽ.

    Image: ICC, Twitter

    Image: ICC, Twitter

    • Share this:
      ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ രസംകൊല്ലിയായി മഴയുടെ പെയ്ത്ത്. ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ നിരവധി തവണയാണ് മഴ കളിയുടെ ഒഴുക്ക് തടസപ്പെടുത്തിയത്. മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വെറും 44.3 ഓവർ മാത്രമാണ് കളി നടന്നത്.

      മഴ കളി മുടക്കിയ ആദ്യ ദിനത്തിലും ഓസ്‌ട്രേലിയൻ ടീമിനെതിരെ വ്യക്തമായ മുൻതൂക്കം ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 132/1 എന്ന നിലയിലാണ്. സ്‌മൃതി മന്ഥാന (80*), പൂനം റാവത്ത് (16*) എന്നിവരാണ് ക്രീസിൽ. 31 റൺസ് നേടിയ ഷഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസ് താരം സോഫി മോളിനക്‌സാണ് ഷഫാലിയുടെ വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റിൽ സ്‌മൃതിയും പൂനവും ഇതുവരെ 39 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്‌മൃതിയും ഷഫാലിയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പതിവ് അക്രമണശൈലി അഴിച്ചുവെച്ച് ഷഫാലി ശ്രദ്ധയോടെ കളിച്ചപ്പോൾ മറുവശത്ത് സ്‌മൃതി ഓസീസ് ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട് സ്‌മൃതി മുന്നേറിയപ്പോൾ മറുവശത്ത് സ്‌മൃതിക്ക് മികച്ച പിന്തുണ നൽകി ഷഫാലി ഉറച്ചുനിന്നു. ആദ്യ പിങ്ക് ബോൾ ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കൊപ്പം ഭാഗ്യം കൂടി കൂട്ടുനിന്നതോടെ ഇന്ത്യൻ സ്കോർബോർഡിലേക്ക് എളുപ്പത്തിൽ റൺ എത്തിക്കൊണ്ടിരുന്നു. ഷഫാലിയെ മൂന്ന് വട്ടമാണ് ഓസീസ് താരങ്ങൾ കൈവിട്ടു സഹായിച്ചത്. ഇതിനിടയിൽ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ആദ്യ അർധസെഞ്ചുറി സ്‌മൃതി നേടി. ഏകദിന ശൈലിയിൽ തകർത്തടിച്ച താരം അർധസെഞ്ചുറിയിൽ എത്തുമ്പോൾ അക്കൗണ്ടിൽ 11 ബൗണ്ടറിയാണ് ഉണ്ടായിരുന്നത്. 50 പന്തിൽ തന്നെയാണ് താരം തന്റെ അർധസെഞ്ചുറിയും നേടിയത്.

      അർധശതകം പിന്നിട്ടതിന് ശേഷം സ്‌മൃതി തന്റെ ഇന്നിങ്സിന്റെ വേഗം കുറച്ചു. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം ലഭിച്ച് മുന്നേറിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയിൽ നിന്നും ആദ്യ തിരിച്ചടി ലഭിച്ചത് 93 റൺസിൽ നിൽക്കെ ആയിരുന്നു. 64 പന്തിൽ 31 റൺസ് നേടിയ ഷഫാലി വർമയെ തഹ്‌ലിയ മഗ്രാത്തിന്റെ കൈകളിൽ എത്തിച്ച് സോഫി മോളിനക്സ് ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം പകർന്നു. പിന്നീട് വിക്കറ്റ് വീഴ്ത്താൻ ഓസീസ് ബൗളർമാർ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബാറ്റർമാർ ഒരു പഴുതും നൽകാതെ മുന്നേറി ഇന്ത്യയുടെ സ്കോർ 100 കടത്തി. ഇന്ത്യയുടെ സ്കോർ 114 നിൽക്കെയാണ് കളിയിൽ മഴ ആദ്യമായി തടസപ്പെടുത്തിയത്.

      പിന്നീട് മഴ തോർന്നതിന് ശേഷം കളി വീണ്ടും തുടർന്നെങ്കിലും അഞ്ച് ഓവറുകൾക്കപ്പുറം വീണ്ടും മഴ എത്തുകയായിരുന്നു. മഴ നിന്നതോടെ വീണ്ടും കളി തുടങ്ങുമെന്ന് താരങ്ങൾക്കിടയിൽ പ്രതീക്ഷ ഉയർന്നെങ്കിലും കളിക്കാരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി മഴ വീണ്ടും പെയ്യാൻ തുടങ്ങി. ഇതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. മത്സരം നാളെ അരമണിക്കൂർ നേരത്തെ ആരംഭിക്കുന്നതായിരിക്കും.
      Published by:Naveen
      First published:
      )}