HOME /NEWS /Sports / ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; എതിരാളികള്‍ ഓസ്‌ട്രേലിയ

ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; എതിരാളികള്‍ ഓസ്‌ട്രേലിയ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

2017ല്‍ സിഡ്‌നിയില്‍ വെച്ച് ഇംഗ്ലണ്ടും-ഓസ്‌ട്രേലിയയും തമ്മിലായിരുന്നു വനിത ക്രിക്കറ്റിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചത്

  • Share this:

    ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ വനിതാ ടീം ആദ്യമായി പിങ്ക് പന്തില്‍ കളിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വ്യക്തമാക്കിയത്.

    വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം ഡേ നൈറ്റ് ടെസ്റ്റ് മത്സരമായിരിക്കും ഇത്. 2017ല്‍ സിഡ്‌നിയില്‍ വെച്ച് ഇംഗ്ലണ്ടും-ഓസ്‌ട്രേലിയയും തമ്മിലായിരുന്നു വനിത ക്രിക്കറ്റിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചത്. 2006നുശേഷം ഓസ്‌ട്രേലിയയില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാകും ഇത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്ക് തന്നെയാണ്. നാല് മത്സരങ്ങള്‍ അവര്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയായി. ഇന്ത്യന്‍ ടീമിന് ഒരു മത്സരം കൂടി വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

    Also Read-ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുന്നത് ദ്രാവിഡ് തന്നെ; റിപ്പോര്‍ട്ട്

    അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്നുണ്ട്. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ കൂടി ടെസ്റ്റില്‍ ഇറങ്ങുന്നതോടെ 2014നുശേഷം ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ ടീം രണ്ട് ടെസ്റ്റുകള്‍ കളിക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടാകും . ഇംഗ്ലണ്ടിനെതിരെ അടുത്തമാസം 16ന് ബ്രിസ്റ്റോളിലാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ ടെസ്റ്റ്.

    ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ടീം ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളും കളിക്കും. ഇതേ കാലയളവില്‍ ഇന്ത്യയുടെ പുരുഷ ടീമും ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. ജൂണില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷമുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ ഇരു ടീമുകളും ഒരേ വിമാനത്തിലാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇരു ടീമുകളേയും ഒരേ വിമാനത്തില്‍ അയക്കുന്നത് കൂടുതല്‍ പ്രായോഗികമെന്ന് വിലയിരുത്തിയാണ് ബിസിസിഐ ഈ ഒരു തീരുമാനം എടുത്തത്. ഇതാദ്യമായാണ് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ ഒപ്പം യാത്ര ചെയ്യുന്നത്.

    Also Readഅടുത്ത മൂന്ന് ജന്മത്തിലും ഇന്ത്യൻ ജേഴ്സി അണിയാൻ ആഗ്രഹം ഉണ്ടെന്ന് സൗരവ് ഗാംഗുലി

    ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഒരു ടെസ്റ്റ് മാത്രമാണ് ടീം കളിക്കുന്നത്. ബാക്കി രണ്ട് ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ കളിച്ച അതേ മത്സരങ്ങളുടെ എണ്ണമാണ് ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യന്‍ ടീം കളിക്കുക. സെപ്റ്റംബറിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ടി20 വനിതാ ലോകകപ്പ് ഫൈനലിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കായിക മത്സരങ്ങളെല്ലാം മാറ്റിവച്ചതോടെ മത്സരങ്ങളില്ലാതിരുന്ന ഇന്ത്യന്‍ വനിതാ ടീം ഒരു വര്‍ഷത്തിന് ശേഷം മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും അന്താരാഷ്ട്ര മത്സരക്കളത്തിലിറങ്ങിയത്. അതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ടി20 ചലഞ്ചിലും ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിച്ചിരുന്നു. കോവിഡ് മഹാമാരിക്കിടയില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുരുഷ ക്രിക്കറ്റ് ടീം തങ്ങളുടെ കളി പുനരാരംഭിച്ചിരുന്നു. പക്ഷേ വനിതാ ക്രിക്കറ്റിന് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. ഇതേച്ചൊല്ലി ബിസിസിഐ വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു.

    First published:

    Tags: Australia Cricket, India Cricket team, Indian women Cricket