നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL | രക്ഷകനായി ദീപക് ചഹര്‍; ശ്രീലങ്കയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

  IND vs SL | രക്ഷകനായി ദീപക് ചഹര്‍; ശ്രീലങ്കയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

  ദീപക് ചഹറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 82 പന്തില്‍ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 69 റണ്‍സാണ് ചഹര്‍ നേടിയത്.

  credit | icc twitter

  credit | icc twitter

  • Share this:
   ത്രില്ലര്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. ഇന്ത്യന്‍ നിരയില്‍ വാലറ്റത്തിന്റെ തകര്‍പ്പന്‍ ചെറുത്ത്‌നില്‍പ്പാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 82 പന്തില്‍ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 69 റണ്‍സാണ് ചഹര്‍ നേടിയത്. 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദീപക് ചഹറും ഭുവനേശ്വര്‍ കുമാറും കെട്ടിപ്പടുത്തത്. ശ്രീലങ്കയ്ക്കായി ഹസരംഗ മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

   ആദ്യ ഏകദിനത്തില്‍ നിന്ന് വിപരീതമായി മോശം തുടക്കമാണ് ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. സ്‌കോര്‍ 65 എത്തിയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ച പൃഥ്വി ഷാ, ശിഖാര്‍ ധവാന്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. പിന്നീട് ക്രീസിലൊരുമിച്ച മനീഷ് പാണ്ഡേയും സൂര്യകുമാര്‍ യാദവും സ്‌കോര്‍ പതിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 115ല്‍ എത്തിയപ്പോള്‍ മനീഷ് പാണ്ഡേ റണ്‍ ഔട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നും നേടാതെ ഡീ സില്‍വയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.

   ഒരു ഭാഗത്ത് സൂര്യകുമാര്‍ യാദവ് ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടേയിരുന്നു. 27ആം ഓവറില്‍ സണ്ടകന്‍ എല്‍ ബി ഡബ്ലിയുവിലൂടെ സൂര്യകുമാരിനെയും മടക്കി. അര്‍ദ്ധസെഞ്ച്വറി നേടിയാണ് താരം മടങ്ങിയത്. പിന്നീട് ക്രൂണല്‍ പാണ്ഡ്യ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 193ല്‍ എത്തിയപ്പോള്‍ ഹസരംഗ കൂടാരം കയറ്റി. പിന്നീട് ക്രീസിലൊരുമിച്ച ദീപക് ചഹറും ഭുവനേശ്വര്‍ കുമാറും മികച്ച രീതിയില്‍ ബാറ്റ് വീശിക്കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

   നേരത്തെ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാഡോയുടെയും (50) അസ്സലങ്കയുടെയും (65) അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക ഈ സ്‌കോര്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതവും, ദീപക് ചഹര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഏകദിനത്തിലും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ ടീമിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത്. എന്നാല്‍ 14ആം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി യുസ്വേന്ദ്ര ചഹല്‍ ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കി. 14ആം ഓവറില്‍ ഭാനുകയെ മനീഷ് പാണ്ഡേയുടെ കൈകളില്‍ എത്തിച്ചുകൊണ്ട് യുസ്വേന്ദ്ര ചഹല്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു. 36 റണ്‍സെടുത്താണ് ഭാനുക മടങ്ങിയത്. പകരമെത്തിയ രജപക്സയെ തൊട്ടടുത്ത പന്തില്‍ തന്നെ ചഹല്‍ മടക്കി.

   സ്‌കോര്‍ 124ല്‍ എത്തിയപ്പോഴാണ് മൂന്നാം വിക്കറ്റ് വീണത്. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഫെര്‍ണാഡോയാണ് മടങ്ങിയത്. പത്തു റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഡീ സില്‍വയും കൂടാരം കയറി. നായകന്‍ ദാസുന്‍ ഷണകയ്ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ഭാഗത്ത് അസ്സലങ്ക സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 48ആം ഓവറിലാണ് അസ്സലങ്ക വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വാലറ്റത്ത് ചമീര കരുണരത്‌നെ തകര്‍ത്തടിച്ചത്തോടെയാണ് ലങ്കന്‍ സ്‌കോര്‍ 275 എത്തിയത്.
   Published by:Sarath Mohanan
   First published:
   )}