ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ലോക രണ്ടാം നമ്പറിനെ അട്ടിമറിച്ചതിന് പിന്നാലെ ഒന്നാം നമ്പറിനോട് തോല്‍വി, പ്രവീണ്‍ ജാദവ് പുറത്ത്

Tokyo Olympics | ലോക രണ്ടാം നമ്പറിനെ അട്ടിമറിച്ചതിന് പിന്നാലെ ഒന്നാം നമ്പറിനോട് തോല്‍വി, പ്രവീണ്‍ ജാദവ് പുറത്ത്

News18 Malayalam

News18 Malayalam

ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളില്‍ 6-0ന്റെ വിജയം നേടിയാണ് റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ താരമായ ഗാല്‍സന്‍ ബസര്‍ഷപോവിനെ പരാജയപ്പെടുത്തി പ്രവീണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

  • Share this:

ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ ബ്രാഡി എല്‍സനോട് പരാജയപ്പെട്ടാണ് പ്രവീണ്‍ ജാദവ് പുറത്തായത്. സ്‌കോര്‍ 6-0. നേരത്തെ ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഗാല്‍സന്‍ ബസര്‍ഷപോവിനെ കീഴടക്കിയാണ് പ്രവീണ്‍ ജാദവ് പ്രീക്വാര്‍ട്ടറില്‍ എത്തിയത്. 6-0 ആയിരുന്നു സ്‌കോര്‍.

പ്രീ ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ 27-28ന് ജാദവ് പിന്നില്‍ പോയിരുന്നു. രണ്ടാം സെറ്റില്‍ ആദ്യ രണ്ട് ആരോയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാദവിന്റെ മൂന്നാം ശ്രമം ഏഴ് പോയിന്റ് മാത്രമായപ്പോള്‍ 26-27ന് ഇന്ത്യന്‍ താരം പിന്നില്‍ പോയി. മൂന്നാം സെറ്റില്‍ ജാദവിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ബ്രാഡി എല്‍സണ്‍ അനായാസം 6-0ന്റെ വിജയം നേടി. 26-23ന് ആണ് മൂന്നാം സെറ്റ് ബ്രാഡി സ്വന്തമാക്കിയത്.

ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളില്‍ 6-0ന്റെ വിജയം നേടിയാണ് റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ താരമായ ഗാല്‍സന്‍ ബസര്‍ഷപോവിനെ പരാജയപ്പെടുത്തി പ്രവീണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ താരത്തെയാണ് പ്രവീണ്‍ അട്ടിമറിച്ചത്. നാല് പെര്‍ഫെക്ട് ടെന്നുകളടക്കം പ്രവീണ്‍ ആദ്യ സെറ്റില്‍ 29 പോയിന്റും അടുത്ത രണ്ട് റൗണ്ടുകളിലും 28 വീതം പോയിന്റുമാണ് നേടിയത്. റഷ്യയുടെ ഗാല്‍സന്‍ ബസര്‍ഷപോവിനെ 27, 27, 24 എന്നീ സ്‌കോറുകളാണ് നേടിയത്.

നേരത്തെ നടന്ന മറ്റൊരു അമ്പെയ്ത്ത് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്കും പരാജയം നേരിട്ടു. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ ഇസ്രയേലിന്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്‌കോറിനായിരുന്നു തരുണ്‍ദീപിന്റെ തോല്‍വി.

ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഹോങ്കോങ്ങിന്റെ നാന്‍ യീ ചെയുങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ആധികാരികമായിരുന്നു റിയോയിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള മുന്നേറ്റം.

ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു ചെയുങ്ങിനെ അനായാസമായാണ് മറികടന്നത്. സ്‌കോര്‍ - 21-9, 21-16. തുടരെ രണ്ട് ജയങ്ങള്‍ നേടി ഗ്രൂപ്പിലെ ചാമ്പ്യനായാണ് സിന്ധു പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിച്ചത്. സിന്ധുവിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഹോങ്കോങ് താരത്തിന് കഴിഞ്ഞില്ല.

കളിയില്‍ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ച സിന്ധു ആദ്യ സെറ്റില്‍ 11-5ന്റെ ലീഡുമായി മുന്നേറി എതിരാളിക്ക് ഒരവസരവും നല്‍കാതെ ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ സെറ്റില്‍ സിന്ധുവിന്റെ മികവിന് മുന്നില്‍ ഹോങ്കോങ് താരത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റിനെ അപേക്ഷിച്ച് രണ്ടാം സെറ്റിലാണ് സിന്ധുവിന് കുറച്ചെങ്കിലും വെല്ലുവിളി നേരിടേണ്ടി വന്നത്. രണ്ടാം സെറ്റില്‍ പലപ്പോഴും ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. 14 പോയിന്റ് വരെ സിന്ധുവിന്റെ ഒപ്പം പിടിച്ച ചെയുങിന് പിന്നീട് ആ മികവ് തുടരാന്‍ കഴിഞ്ഞില്ല. 15-14ന് മുന്നില്‍ക്കയറിയതിന് ശേഷം സിന്ധു തുടരെ നാലു പോയിന്റുകള്‍ നേടി സെറ്റും മല്‍സരവും പിടിച്ചെടുക്കുകയായിരുന്നു. വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്.

പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഫെല്‍റ്റാണ് സിന്ധുവിന്റെ എതിരാളി.

First published:

Tags: Tokyo Olympics, Tokyo Olympics 2020