നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • RIP Nandu Natekar| ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ വിടവാങ്ങി

  RIP Nandu Natekar| ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ വിടവാങ്ങി

  ബാഡ്മിന്റണിൽ 1956ൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര കിരീടം നേടി ചരിത്രനേട്ടം കുറിച്ച വ്യക്തി കൂടിയാണ് നടേക്കർ

  Nandu Natekar

  Nandu Natekar

  • Share this:
   ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസ താരം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 88 വയസ്സായിരുന്നു. ബാഡ്മിന്റണിൽ 1956ൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര കിരീടം നേടി ചരിത്രനേട്ടം കുറിച്ച വ്യക്തി കൂടിയാണ് നടേക്കർ.

   15 വര്‍ഷം നീണ്ട തന്റെ കരിയറില്‍ അന്താരാഷ്ട്ര - ദേശീയ തലങ്ങളില്‍ നൂറിലധികം കിരീടനേട്ടങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ കാലഘട്ടത്തിലെ പ്രമുഖരായ കായിക താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു മുൻ ലോക മൂന്നാം നമ്പർ താരം.

   നന്ദു നടേക്കർ അന്തരിച്ച വിവരം അദ്ദേഹത്തിൻറെ കുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. " അങ്ങേയറ്റം ദുഃഖകരമായ വാർത്തയാണ് ഞങ്ങൾക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഞങ്ങളുടെ അച്ഛൻ നന്ദു നടേക്കർ ഞങ്ങളെ വിട്ടു പിരിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുഃഖാചരണം ഉണ്ടായിരിക്കുന്നതല്ല. അദ്ദേത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക." നടേക്കറുടെ കുടുംബം വ്യക്തമാക്കി. അന്തരിച്ച നടേക്കർക്ക് ഒരു മകനും രണ്ട്‌ പെണ്മക്കളുമാണുള്ളത്.

   നടേക്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ട്വിറ്റിറിലൂടെയാണ് തന്റെ അനുശോചനമറിയിച്ചത്. ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷനും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

   നന്ദു നടേക്കറിന്റെ - കരിയറിലെ നേട്ടങ്ങളിലൂടെ

   തന്റെ കരിയറിൽ ബാഡ്മിന്റണിലെ പ്രധാന ടൂര്ണമെന്റായ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ 1954 പതിപ്പിലെ ക്വാർട്ടർ ഫൈനലിലെത്തുകയും, പിന്നാലെ 1956ല്‍ മലേഷ്യയില്‍ നടന്ന സെല്ലങ്കെര്‍ അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ചു. ഇതിനു പുറമെ 1951നും 63നും ഇടയില്‍ തോമസ് കപ്പില്‍ ഇന്ത്യൻ ടീമിന് വേണ്ടി ഇറങ്ങിയ അദ്ദേഹം സിംഗിൾസിൽ 16ൽ 12 മത്സരങ്ങളിലുംഡബിൾസിൽ 16ൽ എട്ട് മത്സരങ്ങളിലും വിജയം നേടിയിരുന്നു.

   ഇതിൽ 1959,1961,1963 വര്‍ഷങ്ങളില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് നന്ദു നടേക്കറായിരുന്നു. 1965ല്‍ ജമൈക്കയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിച്ചിരുന്നു. 1961ൽ ദേശീയ - അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം കരസ്ഥമാക്കിയ മികച്ച നേട്ടങ്ങൾക്ക് ആദരമായി ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തിന് അർജുന അവാർഡ് നൽകിയിരുന്നു.
   Published by:Naveen
   First published:
   )}