ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ലോവ്ലിന ബോര്ഗോഹൈന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗില്‍ ജര്‍മ്മനിയുടെ നദീന്‍ അപെറ്റ്സിനെ കീഴടക്കിയാണ് ലോവ്ലിന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍ 3-2. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒമ്പതംഗ വനിതാ ബോക്സര്മാരില് ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യത്തെ താരമാണ് 23കാരിയായ ബോര്ഗോഹൈന്. സ്പ്ലിറ്റ് പോയിന്റിലൂടെയാണ് മൂന്നു റൗണ്ടുകളും താരം നേടിയത്.
ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മന്‍ താരത്തെ മറികടന്ന് ലോവ്ലിന ബോര്ഗോഹൈന് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം. വനിതകളുടെ വെല്‍റ്റര്‍വെയിറ്റ് 64-69 കിലോ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ ലോവ്ലിനയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പമാണ് നിന്നത്. രണ്ടാം റൗണ്ടില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും ആദ്യ റൗണ്ട് പോലെ തന്നെ 3-2ന്റെ ആനുകൂല്യം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു.
മൂന്നാം റൗണ്ടിലും മൂന്ന് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പവും നിന്നു. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് എത്തിയത്.
ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്പെയിനെ തോല്‍പ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദര്‍ പാല് സിങ് രണ്ടു ഗോളും സിമ്രാന് ജിത്ത് സിങ് ഒരു ഗോളും നേടി. ഈ ജയത്തോടെ ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. ഇനി അര്‍ജന്റീന, ജപ്പാന് എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് തോറ്റിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ കനത്ത വെല്ലുവിളിയാണ് സ്പാനിഷ് ടീം ഉയര്‍ത്തിയത്. പലപ്പോഴും പി ആര് ശ്രീജേഷ് വന്മതിലായി നിന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ രക്ഷപെട്ടത്.
അതേസമയം ഒട്ടേറെ തിരിച്ചടികളും ഇന്ത്യക്ക് ഇന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. 10 മീറ്റര്‍ മിക്സഡ് എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ മെഡല്‍ കാണാതെ ഇന്ത്യ പുറത്തായി. ഏഴാമതായാണ് മനു ഭാക്കര്‍ - സൗരവ് ചൗധരി സഖ്യം മത്സരം അവസാനിപ്പിച്ചത്. മനു ഭാക്കറിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന പ്രധാന ഇനമായിരുന്നു ഇത്.
നേരത്തെ, മെഡല്‍ പ്രതീക്ഷകളുമായി നീന്തല്‍ കുളത്തിലിറങ്ങിയ മലയാളി താരം സജന് പ്രകാശ് സെമി കാണാതെ പുറത്തായിരുന്നു. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന് 1:57:22 സെക്കന്റില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lovlina Borgohain, Tokyo Olympics, Tokyo Olympics 2020