ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്ന് അവസാനിച്ചു. വനിതകളുടെ ഫ്ളൈവെയ്റ്റ് ബോക്സിങ്ങില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായിരിക്കുകയാണ്. കൊളംബിയയുടെ ഇന്ഗ്രിറ്റ വലന്‍സിയോടാണ് മേരി കോം പരാജയപ്പെട്ടത്. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-3 എന്ന സ്കോറിനാണ് മേരി കോമിന്റെ പരാജയം. ആദ്യ റൗണ്ട് മുതല്‍ മേരിയെ സമ്മര്‍ദ്ദത്തിലാക്കിയാണ് വലന്‍സിയ വിജയം പിടിച്ചെടുത്തത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്ന മേരി കോമിന്റെ അവസാന ഒളിമ്പിക്സായിരുന്നു ഇത്.
ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. രണ്ടാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി. നിര്‍ണ്ണായകമായ മൂന്നാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനില്‍ മത്സരം മേരിയ്ക്ക് നഷ്ടമാവുകയായിരുന്നു. ജഡ്ജുമാരുടെ തീരുമാനത്തെ പുഞ്ചിരിയിലൂടെയും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്.
റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേടിയ താരമാണ് ഇന്‍ഗ്രിറ്റ് വലന്‍സിയ. മൂന്നാം തവണയാണ് ഇരുവരും തമ്മില്‍ റിങ്ങില്‍ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. ആറു തവണ ലോകചാമ്പ്യനായ മേരി കോം സ്വര്‍ണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഒളിമ്പിക്സിനായി ടോക്യോയിലേക്ക് തിരിക്കും മുമ്പ് വ്യക്തമാക്കിയിരുന്നു.
വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ ലോവ്ലിന ബോര്‍ഗോഹൈനും, പൂജ റാണിയും ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. അള്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെതിരേ ആധികാരിക വിജയത്തോടെയാണ് പൂജ അവസാന എട്ടിലെത്തിയത്. അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയമാണ് ഇന്ത്യന്‍ ബോക്സര്‍ പൂജാ റാണി നേടിയത്. 69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് മത്സരത്തിലാണ് പൂജാ റാണി ജയം കരസ്ഥമാക്കിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.
വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോവ്ലിന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒമ്പതംഗ വനിതാ ബോക്സര്മാരില് ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യത്തെ താരമായിരുന്നു 23കാരിയായ ബോര്ഗോഹൈന്. സ്പ്ലിറ്റ് പോയിന്റിലൂടെയാണ് മൂന്നു റൗണ്ടുകളും താരം നേടിയത്. ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മന്‍ താരത്തെ മറികടന്ന് ലോവ്ലിന ബോര്ഗോഹൈന് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.