ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ഇടിക്കൂട്ടില്‍ നിന്നും പിന്നെയും സന്തോഷ വാര്‍ത്ത! പൂജാ റാണി ക്വാര്‍ട്ടറില്‍

Tokyo Olympics | ഇടിക്കൂട്ടില്‍ നിന്നും പിന്നെയും സന്തോഷ വാര്‍ത്ത! പൂജാ റാണി ക്വാര്‍ട്ടറില്‍

പൂജാ റാണി

പൂജാ റാണി

69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് മത്സരത്തിലാണ് പൂജാ റാണി ജയം കരസ്ഥമാക്കിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.

  • Share this:

ടോക്യോ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ വനിതാ കായിക താരങ്ങള്‍. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൂജാ റാണി മിന്നുന്ന വിജയത്തോടെ മുന്നേറിയിരിക്കുകയാണ്. അള്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെതിരേ ആധികാരിക വിജയത്തോടെയാണ് പൂജ അവസാന എട്ടിലെത്തിയത്. അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയമാണ് ഇന്ത്യന്‍ ബോക്‌സര്‍ പൂജാ റാണി നേടിയത്. 69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് മത്സരത്തിലാണ് പൂജാ റാണി ജയം കരസ്ഥമാക്കിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.

ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ച് ജഡ്ജുമാരും മുന്‍തൂക്കം പൂജയ്ക്ക് നല്‍കുകയായിരുന്നു. രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിന് അനുകൂലമായി അഞ്ച് ജഡ്ജുമാരും ഒരു പോലെ നില കൊണ്ടു.

ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാന്‍ കഴിയും. ഈ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ ഈ ഹരിയാനക്കാരി സ്വര്‍ണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.

ഈ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ബോക്സര്‍ കൂടിയാണ് ഏഷ്യന്‍ ചാമ്പ്യനായ പൂജ. ഇതിഹാസ താരം മേരികോം, ലോവ്ലിന ബൊര്‍ഗോഹൈന്‍ എന്നിവര്‍ നേരത്തേ ആദ്യറൗണ്ടില്‍ ജയിച്ചു കയറിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോവ്ലിന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്ലിന. ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒമ്പതംഗ വനിതാ ബോക്‌സര്‍മാരില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യത്തെ താരമായിരുന്നു 23കാരിയായ ബോര്‍ഗോഹൈന്‍. സ്പ്ലിറ്റ് പോയിന്റിലൂടെയാണ് മൂന്നു റൗണ്ടുകളും താരം നേടിയത്.

Also read: Tokyo Olympics | ലോക രണ്ടാം നമ്പറിനെ അട്ടിമറിച്ചതിന് പിന്നാലെ ഒന്നാം നമ്പറിനോട് തോല്‍വി, പ്രവീണ്‍ ജാദവ് പുറത്ത്

ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മന്‍ താരത്തെ മറികടന്ന് ലോവ്ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. 3-2 എന്ന സ്‌കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം. വനിതകളുടെ വെല്‍റ്റര്‍വെയിറ്റ് 64-69 കിലോ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ ലോവ്ലിനയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പമാണ് നിന്നത്. രണ്ടാം റൗണ്ടില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും ആദ്യ റൗണ്ട് പോലെ തന്നെ 3-2ന്റെ ആനുകൂല്യം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു.

മൂന്നാം റൗണ്ടിലും മൂന്ന് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പവും നിന്നു. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് എത്തിയത്.

First published:

Tags: Tokyo Olympics, Tokyo Olympics 2020