• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യൻ ക്രിക്കറ്റ് ലിംഗസമത്വത്തിന്റെ പുതിയ ഒരു യുഗത്തിലേക്ക്; പുരുഷ-വനിതാ താരങ്ങൾക്ക് ഒരേ മാച്ച് ഫീ': ജയ് ഷാ

'ഇന്ത്യൻ ക്രിക്കറ്റ് ലിംഗസമത്വത്തിന്റെ പുതിയ ഒരു യുഗത്തിലേക്ക്; പുരുഷ-വനിതാ താരങ്ങൾക്ക് ഒരേ മാച്ച് ഫീ': ജയ് ഷാ

പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന അതേ തുക തന്നെ മാച്ച് ഫീ ആയി വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി മുതൽ ലഭിക്കും

  • Share this:
ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷ താരങ്ങൾക്കും വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഒരേ വേതനം പ്രഖ്യാപിച്ച് ബിസിസിഐ (BCCI). കരാറിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ഇനി മുതൽ തുല്യവേതനം നൽകുക. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും ഇനി ഒരേ വേതനം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അദ്ദേഹത്തിൻെറ ട്വീറ്റ്.

“ലിംഗ വിവേചനത്തിനെതിരായ ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ബോ‍ർഡുമായി കരാറിൽ ഒപ്പിട്ടിട്ടുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ശമ്പള ഇക്വിറ്റി നയം നടപ്പിലാക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ലിംഗസമത്വത്തിന്റെ പുതിയ ഒരു യുഗത്തിലേക്ക് മുന്നേറുകയാണ്. പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ ഇനി തുല്യമായിരിക്കും,” ഷാ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഹർമൻ പ്രീത് കൌറിൻെറ നേതൃത്വത്തിലുള്ള സംഘത്തിന് ടെസ്റ്റിന് 15 ലക്ഷം രൂപ വീതവും ഏകദിനത്തിന് 6 ലക്ഷം രൂപ വീതവും ടി20ക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. പുരുഷ ടീമിനും ഇതേ തുക തന്നെയാണ് ലഭിക്കുന്നത്.

“പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന അതേ തുക തന്നെ മാച്ച് ഫീ ആയി വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി മുതൽ ലഭിക്കും. ടെസ്റ്റ് ( 15 ലക്ഷം രൂപ), ഏകദിനം ( 6 ലക്ഷം രൂപ), ടി20 ( 3 ലക്ഷം രൂപ) എന്നിങ്ങനെയാണ് മൂന്ന് ഫോർമാറ്റിലും ലഭിക്കുക. വനിതാ ക്രിക്കറ്റ് താരങ്ങളോടുള്ള എന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം. പൂ‍ർണമായി പിന്തുണ നൽകിയ അപെക്സ് കൗൺസിലിന് ഞാൻ നന്ദി പറയുന്നു,” ഷാ കൂട്ടിച്ചേർത്തു.

ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു കായിക ഇനത്തിൽ പുരുഷ – വനിതാ താരങ്ങൾക്ക് തുല്യവേതനം പ്രഖ്യാപിക്കുന്നത്. ലോക ക്രിക്കറ്റിൽ പുരുഷ – വനിതാ താരങ്ങൾക്ക് തുല്യവേതനം പ്രഖ്യാപിച്ച ആദ്യ ടീം ന്യൂസിലൻറാണ്. ഈ വർഷം ജൂലൈയിലായിരുന്നു ന്യൂസിലൻറ് ക്രിക്കറ്റ് ബോർഡിൻെറ ചരിത്രപരമായ പ്രഖ്യാപനം വന്നത്.

Also Read- നിലംതൊടാതെ നെതർലൻഡ്സ്; ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം

അന്താരാഷ്ട്ര, ആഭ്യന്തര തലങ്ങളിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പുരുഷ - വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ച് വ‍ർഷത്തേക്കാണ് ഈ കരാ‍ർ പ്രഖ്യാപിച്ചത്.

മാച്ച് ഫീയുടെ കാര്യത്തിൽ തുല്യത പ്രഖ്യാപിച്ചത് കൊണ്ട് മാത്രം ഇന്ത്യയിലെ പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും തുല്യ വേതനം ഉറപ്പാക്കാൻ സാധിക്കില്ല. പുരുഷ താരങ്ങളുടെ സെൻട്രൽ കരാറിലുള്ള ഫീയും വനിതാ താരങ്ങളുടെ ഫീയും തമ്മിൽ വലിയ അന്തരം തന്നെയുണ്ട്. നിലവിൽ, സെൻട്രൽ കരാറിലുള്ള പുരുഷ താരങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായി 7 കോടി, 6 കോടി, 3 കോടി രൂപയും വനിതാ താരങ്ങൾക്ക് 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം രൂപ വീതവുമാണ് ലഭിക്കുന്നത്.
Published by:Anuraj GR
First published: