• HOME
 • »
 • NEWS
 • »
 • sports
 • »
 • Mohammed Shami | റിവേഴ്‌സ് സ്വിങ്ങിൽ മാസ്റ്റർ, വിദേശ പിച്ചുകളിലെ സ്പെഷ്യലിസ്റ്റ്; ഷമി ഹീറോ തന്നെ

Mohammed Shami | റിവേഴ്‌സ് സ്വിങ്ങിൽ മാസ്റ്റർ, വിദേശ പിച്ചുകളിലെ സ്പെഷ്യലിസ്റ്റ്; ഷമി ഹീറോ തന്നെ

അദ്ദേഹത്തെ ട്രോളുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിന്റെ വാക്കുകൾ ഇവിടെ സംഗ്രഹിക്കുന്നു: "ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയം തുടിക്കുന്നത് ഇന്ത്യക്ക് വേണ്ടി തന്നെയായിരിക്കും."

Credit: twitter

Credit: twitter

 • Last Updated :
 • Share this:
  ടി20 ലോകകപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയം നേടിയിരുന്നു. ജയത്തോടെ ലോകകപ്പിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യം ജയം കൂടിയാണ് അവർ കുറിച്ചത്. എന്നാൽ പാകിസ്‌ഥാൻ ജയം നേടി മിനിറ്റുകൾ പിന്നിടും മുൻപ് ഇന്ത്യൻ പേസറായ ഷമിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. തോൽവിക്ക് കാരണക്കാരൻ ഷമിയാണെന്ന തരത്തിൽ നിരവധി മോശം പരാമർശങ്ങളാണ് താരം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഷമിക്ക് പിന്തുണ നൽകിക്കൊണ്ട് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിങ്ങനെ മുൻ ഇന്ത്യൻ താരങ്ങളും പ്രമുഖ വ്യക്തികളും രംഗത്ത് വന്നിരുന്നു.

  പാകിസ്ഥാനെതിരായ മത്സരത്തിൽ മുഴുവൻ ഇന്ത്യൻ ടീമും നിറം മങ്ങിയ പ്രകടനം നടത്തിയിട്ടും അവർക്കെതിരെയൊന്നും ഇല്ലാതിരുന്ന ഈ അക്രമം ഷമി ഒരു മുസ്ലിം ആയതുകൊണ്ടാണ് ഉണ്ടായതെന്ന് തീർത്തും വ്യക്തമാകുന്നുണ്ട്.

  കഴിഞ്ഞ ദശകത്തിൽ, പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ ചുമതല വഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഷമി, എന്നത് കേവലം ഒരു മത്സരത്തിന്റെ പേരിൽ ഷമിയെ അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള ആളുകൾ മറന്നുപോവുന്നു.

  തന്റെ ഒമ്പത് വർഷത്തെ അന്താരാഷ്ട്ര കരിയറിൽ, ഫോർമാറ്റുകളിലായി 355 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്, അവയിൽ ഭൂരിഭാഗവും ടെസ്റ്റിലാണ്. 2015 ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ലോകകപ്പിൽ ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർ കൂടിയായിരുന്നു അദ്ദേഹം, അതിൽ എട്ട് മത്സരങ്ങളിൽ നിന്ന് 17.29 ശരാശരിയിലും വെറും 4.81 ഇക്കണോമി റേറ്റിലും 17 വിക്കറ്റ് വീഴ്ത്തി. ഷമിയുടെ ഈ പ്രകടനത്തിന്റെ ബലത്തിലായിരുന്നു സെമി വരെയുള്ള ഇന്ത്യയുടെ മുന്നേറ്റം.

  ടെസ്റ്റ് -

  ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് ഷമി. 2013-ൽ കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റിലാണ് താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. മത്സരത്തിൽ ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ താരം തന്റെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

  ഉത്തർപ്രദേശിൽ ജനിച്ച താരം ബംഗാളിന് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. തന്റെ ടെസ്റ്റ് കരിയറിൽ അണച്ച് അഞ്ച് വിക്കറ്റ് പ്രകടനങ്ങളാണ് ഷമി സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നാലെണ്ണവും രണ്ടാം ഇന്നിങ്‌സിലാണ് പിറന്നിട്ടുള്ളത്.

  ടെസ്റ്റിൽ ഇതുവരെ ഷമി നേടിയിട്ടുള്ള 195 വിക്കറ്റുകളിൽ, മധ്യനിര ബാറ്റർമാരുടെ വിക്കറ്റുകളാണ്‌ കൂടുതൽ ഉള്ളത്. 79 മധ്യനിര ബാറ്റർമാരെയാണ് താരം പുറത്താക്കിയിട്ടുള്ളത്. ഷമി നേടിയ വിക്കറ്റുകളുടെ 40.5 ശതമാനമാണ് ഇത് വരുന്നത്. 59 വാലറ്റക്കാരേയും (30.3 ശതമാനം), 57 മുൻനിര ബാറ്റർമാരേയുമാണ് (29.2 ശതമാനം) താരം പുറത്താക്കിയിട്ടുള്ളത്. മധ്യനിരക്കാരുടെയും വാലറ്റക്കാരുടെയും വിക്കറ്റുകൾ കൂടുതൽ നേടിയിട്ടുള്ളത് താരത്തിന് റിവേഴ്‌സ് സ്വിങ് കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യമാണ് വെളിവാക്കുന്നത്.

  ഇന്ത്യക്ക് പുറത്ത്, 133 വിക്കറ്റുകൾ നേടിയ ഷമിയുടെ പ്രകടനം വിദേശ പിച്ചുകളിൽ ഇന്ത്യയുടെ മെച്ചപ്പെട്ട പ്രകടനങ്ങൾക്ക് എത്രത്തോളം സഹായകമായിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ, ഷമിക്ക് കാര്യമായ പ്രകടനങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും, ഈ വർഷം ഓഗസ്റ്റിൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലോർഡ്‌സിലെ ടെസ്റ്റിന്റെ അവസാന ദിനത്തിൽ പുറത്താകാതെ 56 റൺസ് നേടിയ ഷമിയുടെ പ്രകടനമാണ് ഇന്ത്യയെ ടെസ്റ്റ് ജയിക്കാൻ സഹായിച്ചത്.

  ഏകദിനം -

  2013 ജനുവരിയിൽ ഡൽഹിയിൽ പാകിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു ഷമി ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിനത്തിൽ അരങ്ങേറിയത്. ഇതുവരെ 79 ഏകദിനങ്ങൾ കളിച്ച താരം 148 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

  2015 ഏകദിന ലോകകപ്പിലാണ് ഷമി തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ബൗളറായിരുന്ന താരം, പാകിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു. ഒമ്പത് ഓവർ എറിഞ്ഞ താരം വെറും 35 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിൽ, വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെയാണ് ഷമിക്ക് മികച്ച റെക്കോര്ഡുള്ളത്. വിൻഡീസിനെതിരെ 37 വിക്കറ്റും ഓസ്ട്രേലിയയ്‌ക്കെതിരെ 29 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

  ടി20 -

  ടി20യിൽ ഇന്ത്യക്ക് വേണ്ടി ആകെ 13 മത്സരങ്ങൾ മാത്രമാണ് ഷമി കളിച്ചിട്ടുള്ളത്. 12 വിക്കറ്റുകളാണ്‌ താരത്തിന്റെ സമ്പാദ്യം. 2014ൽ ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ നാല് ഓവറിൽ 38 റൺസ് വഴങ്ങിയെങ്കിലും മത്സരത്തിൽ ഓയിൻ മോർഗന്റെത് ഉൾപ്പെടെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയതാണ് ഷമിയുടെ ടി20യിലെ മികച്ച പ്രകടനം.

  ഷമി ഒരു പോരാളിയായാണ് അറിയപ്പെടുന്നത്, പുതിയ പന്തിലും പഴകിയ പന്തിലും ഒരു പോലെ മികവ് കാണിക്കാൻ കഴിവുള്ള താരത്തിന് മത്സരത്തിന്റെ ഗതി അനുകൂലമാക്കിയെടുക്കാൻ പ്രത്യേക കഴിവാണുള്ളത്. ഈ കഴിവ് അദ്ദേഹത്തെ ഏതൊരു ഇന്ത്യൻ ടീമിലെയും അമൂല്യ അംഗമാക്കി മാറ്റുന്നു.

  അദ്ദേഹം ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കുന്നു എന്ന കാരണത്താൽ അദ്ദേഹത്തെ ട്രോളുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിന്റെ വാക്കുകൾ ഇവിടെ സംഗ്രഹിക്കുന്നു: "ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയം തുടിക്കുന്നത് ഇന്ത്യക്ക് വേണ്ടി തന്നെയായിരിക്കും."
  Published by:Naveen
  First published: