ഇന്റർഫേസ് /വാർത്ത /Sports / അഫ്ഗാനിസ്ഥാനോട് സമനില! ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക്

അഫ്ഗാനിസ്ഥാനോട് സമനില! ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക്

India football team

India football team

മലയാളി താരം ആശിഖ് കുരുണിയന്‍ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഗോള്‍ ഒരുക്കിയതും ആശിഖ് കുരുണിയനായിരുന്നു.

  • Share this:

ലോകകപ്പ്, ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 1-1ന് സമനില വഴങ്ങി ഇന്ത്യന്‍ ടീം. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനത്തോടെ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യക്ക് ഏഴ് പോയിന്റും അഫ്ഗാന് ആറ് പോയിന്റുമാണുള്ളത്. മലയാളി താരം ആശിഖ് കുരുണിയന്‍ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഗോള്‍ ഒരുക്കിയതും ആശിഖ് കുരുണിയനായിരുന്നു.

അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇഗോര്‍ സ്റ്റിമാച്ചും സംഘവും ഇന്ന് ഖത്തറിലെ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. ഏഷ്യ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമായതിനാല്‍ ഇരു ടീമുകളും വളരെയധികം വാശിയോടെയാണ് മത്സരത്തിലുടനീളം കളിച്ചത്. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ തിളങ്ങിയ ആശിഖ് കുരുണിയന്‍ ആദ്യ ഇലവനില്‍ തിരികെയെത്തിയിരുന്നു. സസ്‌പെന്‍ഷന്‍ മാറി എത്തിയ രാഹുല്‍ ബെഹ്‌കെയും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. അറ്റാക്കിംഗ് സമീപനത്തോടെ തന്നെയാണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ അണിനിരത്തിയതെങ്കിലും മത്സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.

ആദ്യ പകുതിയില്‍ അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല എങ്കിലും കളി ഇന്ത്യയുടെ നിയന്ത്രണത്തില്‍ തന്നെ ആയിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ ആദ്യ നല്ല അവസരം ഛേത്രിക്ക് ലഭിച്ചു. ഗ്ലെന്‍ മാര്‍ടിന്‍സ് ബ്രേക്ക് ചെയ്തു നേടിയ പന്തെടുത്ത് മുന്നേറിയ ഛേത്രി ഇടം കാലു കൊണ്ട് ഒരു ഷോട്ട് തൊടുത്തു എങ്കിലും അഫ്ഗാന്‍ കീപ്പറെ കീഴ്‌പ്പെടുത്താന്‍ അത് മതിയായിരുന്നില്ല. ഇരു ടീമുകളുടെയും പ്രധാന അറ്റാക്കുകള്‍ സെറ്റ് പീസില്‍ നിന്നായിരുന്നു. മത്സരം ശേഷിക്കാന്‍ 15 മിനിട്ട് ബാക്കി നില്‍ക്കെ അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ ഒവയ്സ് അസീസിയുടെ സെല്‍ഫ് ഗോളിലാണ് ഇന്ത്യ ലീഡ് നേടിയത്. ഇടതു വിങ്ങില്‍ നിന്ന് ആശിഖ് കുരുണിയന്‍ നല്‍കിയ ക്രോസ് കയ്യില്‍ ഒതുക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ ഒവയ്‌സ് അസീസി പന്ത് സ്വന്തം വലയിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു. 69ആം മിനിട്ടില്‍ ഛേത്രിയെ പിന്‍വലിച്ച് കൊളാക്കോയെ ഇറക്കി വെറും മൂന്ന് മിനിട്ടിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ ടീം ഹൊസൈന്‍ സമാനിയുടെ തകര്‍പ്പന്‍ ഗോളിലൂടെ സമനില പിടിച്ചു.

ഇന്നത്തെ മത്സരത്തില്‍ ഗോള്‍ നേടിയിരുന്നെങ്കില്‍ മറ്റൊരു ചരിത്ര നേട്ടം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് സ്വന്തമാക്കാമായിരുന്നു. ഇന്ന് ഒരു ഗോള്‍ നേടിയിരുന്നെങ്കില്‍ രാജ്യാന്തര ഫുട്‌ബോളില്‍ എക്കാലത്തേയും ഗോള്‍ വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഛേത്രിക്ക് എത്താമായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയിരുന്ന താരം സജീവ ഫുട്‌ബോളില്‍ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ലയണല്‍ മെസ്സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. നിലവില്‍ 74 രാജ്യാന്തര ഗോളുകള്‍ പോക്കറ്റിലാക്കിയ താരം രാജ്യന്തര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 11ആം സ്ഥാനത്താണ്. 73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി മറികടന്നിരുന്നു. നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 രാജ്യാന്തര ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. അതേസമയം 109 ഗോളുകളോടെ ഇറാന്‍ താരം അലി ദേയ് ആണ് എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമത്.

First published:

Tags: 2023 AFC Asian Cup, India vs Afghanistan, Indian football Team