ലോക ഫുട്‍ബോളിലെ ഉറങ്ങുന്ന സിംഹം എന്നാണ് ഇന്ത്യ പൊതുവിൽ അറിയപ്പെടുന്നത് എങ്കിലും കഴിഞ്ഞ വർഷവും ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ ഉൾപെട്ടില്ല. എന്നാൽ ഇടയ്ക്കിടെ ചില ശുഭവാർത്തകൾ വരാറുണ്ടെന്നതും തള്ളിക്കളയാനാകില്ല. അങ്ങനെ ഒരു സന്തോഷം ഇന്ത്യൻ ടീം രാജ്യത്തിന് നല്കിയിരിക്കുകയാണ്. മണിപ്പൂരിൽ നടന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ കപ്പുയർത്തി.
ലോകഫുട്ബാളിൽ 159-ാം റാങ്കുകാരായ മ്യാൻമറും 94-ാം റാങ്കുകാരായ കിർഗിസ് റിപ്പബ്ലിക്കും ആയിരുന്നു മറ്റ് രണ്ടു രാജ്യങ്ങൾ. മ്യാൻമറിനെതിരായ വിജയത്തോടെയാണ് ഇന്ത്യ കളി ആരംഭിച്ചത്, 94-ാം റാങ്കുകാരായ കിർഗിസ് റിപ്പബ്ലിക്കിനെതിരെ 2-0 വിജയത്തോടെ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ട്രോഫി ഇന്ത്യ സ്വന്തമാക്കി. ഫുട്‍ബോൾ പ്രതിഭകളുടെ കളിത്തൊട്ടിലായ മണിപ്പൂരിൽ ഫുട്‌ബോളിന്റെ ആവേശം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ നേട്ടം സഹായകമാകും.
സുനിൽ ഛേത്രിയും പ്രതിരോധ താരം സന്ദേശ് ജിങ്കനും ഇന്ത്യക്ക് വേണ്ടി ഗോളടിച്ചു. രാജ്യാന്തര ഫുട്‌ബോളിൽ ഛേത്രിയുടെ 85-ാംഗോളായിരുന്നു ഇത്. ആദ്യകളിയിൽ മ്യാൻമറിനെ ഇന്ത്യ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ഇംഫാലിലെ കുമാൻ ലംപാക്ക് സ്‌റ്റേഡിയത്തിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു എന്ന് തന്നെ പറയാം. അനിരുദ്ധ് ഥാപ്പയുടെ ഫ്രീ കിക്കിലൂടെ ആദ്യനിമിഷങ്ങളിൽ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ഇതിനിടെ ലല്ലിയൻസുവാല ചങ്‌തെയുടെ മികച്ച ക്രോസ് ഥാപ്പ പാഴാക്കി. മറുവശത്ത് കിർഗിസ്ഥാന്റെ അലെക്‌സാണ്ടറിന്റെ ക്രോസ് ഗുർപ്രീത് സിങ് സന്ധുവിന്റെ കൈയിൽ തട്ടിത്തെറിച്ചെങ്കിലും അപകടമുണ്ടായില്ല.
അരമണിക്കൂർ കഴിഞ്ഞ് ഫ്രീ കിക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമായത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഫ്രീ കിക്ക് ബോക്‌സിന്റെ ഇടതുമൂലയിലേക്കായിരുന്നു. ജിങ്കൻ മുന്നിൽ ഓടിയെത്തി. പ്രതിരോധക്കാർ എത്തുന്നതിന് മുമ്പ് കാൽവച്ചു.
ഇടവേളയ്‌ക്കുശേഷം ആദ്യശ്രമം കിർഗിസ്ഥാന്റെ ഭാഗത്തുനിന്നായിരുന്നു. എണിസ്‌റ്റിനാണ് അവസരം കിട്ടിയത്. അടിക്കാനുള്ള സമയം കിട്ടിയിട്ടും സഹതാരത്തിന് ബോൾ കൈമാറുകയായിരുന്നു. ആകാശ് മിശ്ര ആ പന്ത് അടിച്ചകറ്റി. ഇന്ത്യൻ പ്രതിരോധം പെട്ടെന്നുതന്നെ സമ്മർദത്തിലായി. ഇതിനിടെ പരിശീലകൻ ഇഗർ സ്‌റ്റിമച്ച് ചില മാറ്റങ്ങൾ വരുത്തി. മലയാളി താരം സഹൽ അബ്‌ദുൾ സമദ് കളത്തിലെത്തി.
കളിയുടെ അവസാനഘട്ടത്തിലായിരുന്നു രണ്ടാംഗോൾ. ചങ്‌തെ സുരേഷ് വാങ്‌മിലേക്ക് ക്രോസ് തൊടുത്തു. സുരേഷ് വലയുടെ വലതുമൂല ലക്ഷ്യമാക്കി അടിപായിച്ചു. ഇതിനിടെ മഹേഷ് സിങ്ങിനെ കിർഗിസ്ഥാൻ പ്രതിരോധം ബോക്‌സിൽ വീഴ്‌ത്തി. ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി. കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. 133 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 85 ഗോൾ തികച്ചത്. ഹംഗറിയുടെ വിഖ്യാത താരം ഫെറെങ്ക് പുസ്‌കാസിനെയാണ് ഗോളെണ്ണത്തിൽ മറികടന്നത്. ഗോൾ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഛേത്രി.
കടുത്ത ഫുട്ബോൾ ആരാധകരായ മണിപ്പൂരിലെ ആരാധകർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്ന ഊർജമാണ് ഛേത്രിയെയും കൂട്ടരെയും ഇത്രയും ഗംഭീര പ്രകടനം നടത്താൻ സഹായിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല. മണിപ്പൂരിലെയും ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലെയും ഇന്ത്യയുടെ ഈ രണ്ടാം മത്സരം ഒരിക്കൽ കൂടി മനം നിറയ്ക്കുന്നതായി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സ്റ്റേഡിയം ഭാഗികമായി നിറഞ്ഞിരുന്നു. നിറഞ്ഞ സ്റ്റേഡിയത്തിൽ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യൻ ഫുട്‍ബോളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും ആത്മവിശ്വാസവും പകരാൻ ഈ വിജയത്തിനായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.