ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ചരിത്ര മെഡൽ നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഒമ്പത് ഗോളുകൾ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്ര മെഡൽ സ്വന്തമാക്കിയത്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ അത് എല്ലാ ഇന്ത്യക്കാർക്കും ആഹ്ളാദവും അഭിമാനവും പകരുന്ന നേട്ടമായിരുന്നു. ഇന്ത്യൻ ടീമിന്റെ ചരിത്ര ജയം പിറന്ന് രാജ്യം മുഴുവൻ ആഘോഷത്തിലേക്ക് നീങ്ങവെയായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ അഭിനന്ദനം എത്തിയത്.
ഇന്ത്യൻ ടീമിനെ അവരുടെ ചരിത്രപരമായ നേട്ടത്തിൽ മൊത്തം ടീമിനും അഭിനന്ദനം നേർന്ന സച്ചിൻ, അവസാന നിമിഷത്തിൽ നിർണായക സേവുമായി ഇന്ത്യൻ ടീമിന്റെ രക്ഷകനായ ഇന്ത്യയുടെ മലയാളി ഗോൾകീപ്പറായ ശ്രീജേഷിന്റെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു സച്ചിൻ തന്റെ അഭിനന്ദനം അറിയിച്ചത്.
"ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഹോക്കി ടീമിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. അതിമനോഹരമായി പൊരുതി നേടിയ വിജയം, അവസാന നിമിഷത്തിൽ ഇന്ത്യക്കെതിരെ വന്ന പെനാൽറ്റി കോർണറിൽ ശ്രീജേഷ് നടത്തിയ ശെരിക്കും അത്ഭുതകരം തന്നെ, നിങ്ങളുടെ നേട്ടത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നു." - സച്ചിൻ കുറിച്ചു.
മത്സരത്തിൽ ജർമനിക്കെതിരെ 1-3 എന്ന നിലയിൽ പിന്നിൽ നിന്നതിന് ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് മുന്നിൽക്കയറിയാണ് ഇന്ത്യ ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യക്കായി സിമ്രൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹാർദിക് സിങ്, രുപീന്ദർപാൽ സിങ്, ഹർമൻപ്രീത് സിങ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഇന്ത്യയുടെ ഗോൾവലക്ക് കീഴിൽ നിന്ന ശ്രീജേഷിന്റെ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
മത്സരത്തിൽ പെനാൽറ്റി കോർണറുകൾ നേടി മുൻതൂക്കം നേടാൻ ജർമനി ശ്രമിച്ച സമയങ്ങളിൽ ഒക്കെ അവർക്ക് മുന്നിൽ വന്മതിലായി നിന്ന് ആ ശ്രമങ്ങളൊക്കെ ശ്രീജേഷ് വിഫലമാക്കുകയായിരുന്നു. ഒപ്പം തന്നെ ശ്രീജേഷ് മുന്നോട്ട് ചെന്ന് നടത്തിയ ചില രക്ഷപ്പെടുത്തലുകളും ജർമൻ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. ഗോൾമുഖത്ത് നിർണായക സേവുകൾ നടത്തുന്നതിന് ഒപ്പം തന്നെ ഇന്ത്യൻ പ്രതിരോധ നിരയ്ക്ക് നിർണായക ഉപദേശങ്ങൾ നൽകി അവരെ നയിക്കാനും ശ്രീജേഷിന് കഴിഞ്ഞിരുന്നു.
ജർമനിക്കെതിരായ ജയത്തോടെ ഇന്ത്യൻ ടീം നേടിയ വെങ്കല മെഡൽ 1980 മോസ്‌ക്കോ ഒളിമ്പിക്സിലെ സ്വർണ മെഡലിന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണ് ഇത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സിൽ ഹോക്കിയിൽ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.