• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇനി ഞാനൊന്ന് ചിരിക്കട്ടെ' - വെങ്കല മെഡൽ നേട്ടത്തിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് ശ്രീജേഷ്

'ഇനി ഞാനൊന്ന് ചിരിക്കട്ടെ' - വെങ്കല മെഡൽ നേട്ടത്തിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് ശ്രീജേഷ്

ഇന്ത്യയുടെ ചരിത്ര ജയം ആഘോഷമാക്കുന്ന ഇന്ത്യൻ ആരാധകർ ശ്രീജേഷിൻറെ ഈ ട്വീറ്റ് ഏറ്റെടുത്ത് കഴിഞ്ഞു.

P R Sreejesh

P R Sreejesh

  • Share this:
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിന് ശേഷം തന്റെ സന്തോഷം ട്വിറ്ററിലൂടെ ലോകത്തോട് പങ്കുവെച്ച് ഇന്ത്യയുടെ മലയാളി ഗോൾകീപ്പറായ പി ആർ ശ്രീജേഷ്. മത്സരശേഷം ചരിത്ര നേട്ടത്തിൽ മതിമറന്ന് ആഘോഷിക്കുന്ന താരത്തിന്റെ രണ്ട് ചിത്രങ്ങൾക്കൊപ്പം ഇനി ഞനൊന്ന് ചിരിക്കട്ടെ എന്ന അടിക്കുറിപ്പും കൂടി ചേർത്താണ് താരത്തിന്റെ ട്വീറ്റ്.

ഇന്ത്യയുടെ ചരിത്ര ജയം ആഘോഷമാക്കുന്ന ഇന്ത്യൻ ആരാധകർ ശ്രീജേഷിൻറെ ഈ ട്വീറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. ഒരുപാട് കാലമായി കാത്തിരിക്കുന്ന ഒരു നേട്ടം സഫലമായതിന്റെ സന്തോഷമായിരുന്നു താരത്തിന്റെ ഈ പ്രതികരണം.

നാല് പതിറ്റാണ്ടുകൾക്കൊടുവിലാണ് ഹോക്കിയിൽ ഇന്ത്യക്ക് ഒരു മെഡൽ നേട്ടം കൈവന്നിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോൾ അതിൽ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടീമിന്റെ ഗോളിയായ മലയാളി താരം ശ്രീജേഷിനോടാണ്.

ഒമ്പത് ഗോളുകൾ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത ഇന്ത്യൻ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകർപ്പൻ സേവുകളായിരുന്നു. കളി തീരാൻ വെറും സെക്കന്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്കെതിരെ ജർമനിക്ക് പെനാൽറ്റി കോർണർ ലഭിച്ചപ്പോൾ എല്ലാ ഇന്ത്യക്കാരും മുൾമുനയിലായി. പക്ഷെ സമ്മർദ്ദ നിമിഷത്തിൽ പതറാതെ ജർമൻ താരങ്ങൾ എടുത്ത പെനാൽറ്റി കോർണർ വളരെ മികച്ച രീതിയിൽ തടുത്തിട്ടതോടെയാണ് ഇന്ത്യൻ ടീമിന് ചരിത്ര ജയം സ്വന്തമായത്.



ടൂർണമെന്റിലുടനീളം ശ്രീജേഷിന്റെ ഗോൾകീപ്പിങ് മികവാണ് പലപ്പോഴും ഇന്ത്യൻ ടീമിന്റെ രക്ഷയ്ക്കെത്തിയത്. ഈ മികവിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ഇതിൽ ബ്രിട്ടനെതിരായ ക്വാർട്ടർ മത്സരത്തിൽ എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്.

ടോക്യോയിൽ ഇന്ത്യൻ സംഘത്തിന് ലഭിച്ച ഈ മെഡൽ അവരുടെ ഒരുപാട് നാളത്തെ ഒരുക്കങ്ങൾക്കുള്ള കഠിനാധ്വാനത്തിന്റെ ഫലം കൂടിയായി. ഒളിമ്പിക്സിലേക്ക് യോഗ്യത പോലും നേടാനാവാതെ പോയതും പിന്നീട് നടന്ന 2016 റിയോ ഒളിമ്പിക്സിലെ ദയനീയ പ്രകടനം മൂലം അവസാന സ്ഥാനത്തായതുമെല്ലാം ഇന്നത്തെ ഇന്ത്യൻ ജയത്തിലേക്കുള്ള ചവിട്ടുപടിയായി. ഇതിൽ 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ച ശ്രീജേഷ് ടീമിന്റെ ദയനീയ പ്രകടനത്തിന് ശേഷം ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു.

അന്നത്തെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമും ശ്രീജേഷും നടത്തിയ ഒരുക്കങ്ങൾ അവർക്ക് ലോകത്തിന്റെ നെറുകയിൽ ഒരു സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്. ഇന്നത്തെ വെങ്കല മെഡൽ നേട്ടം ഭാവിയിൽ ഇന്ത്യൻ ടീം സ്വന്തമാക്കാൻ പോകുന്ന ഒരുപാട് നേട്ടങ്ങളുടെ തുടക്കമാവട്ടെ എന്നാശിക്കാം ഒപ്പം അതിൽ നിറഞ്ഞു ചിരിക്കാൻ ശ്രീജേഷിനും ഇന്ത്യയിലെ ജനങ്ങൾക്കും കഴിയട്ടെ എന്നും പ്രത്യാശിക്കാം.
Published by:Naveen
First published: