• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIAN PLAYER KRUNAL PANDYA TESTS COVID POSITIVE AND SECOND T20 MATCH AGAINST SRI LANKA POSTPONED

IND vs SL | ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ്; ഇന്ന് നടക്കാനിരുന്ന ഇന്ത്യ- ശീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു

കോവിഡ് മൂലം ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മാറ്റി വെക്കുന്നത്.

ക്രൂണല്‍ പാണ്ഡ്യ

ക്രൂണല്‍ പാണ്ഡ്യ

  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇന്നു നടത്താനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ആദ്യ മത്സരത്തില്‍ ക്രൂണല്‍ പാണ്ഡ്യ കളിച്ചിരുന്നു. എല്ലാ കളിക്കാരിലും കോവിഡ് പരിശോധന നടത്തിയേക്കും. മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ മത്സരം ബുധനാഴ്ച നടത്തിയേക്കും. ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോള്‍ ഐസൊലേഷനില്‍ ആണ്.

    കോവിഡ് മൂലം ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മാറ്റി വെക്കുന്നത്. ജൂലൈ 25ന് പര്യടനത്തിലെ എല്ലാ മത്സരങ്ങളും അവസാനിക്കേണ്ടതായിരുന്നു. ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും ഇതിനു ശേഷം കോവിഡ് പോസിറ്റീവ് ആയിരുന്നു. ഗ്രാന്റ് ഫ്ലവറിനും നിരോഷനും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

    കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ശക്തമായ ബയോ ബബിളിലായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

    ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.

    പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. അരങ്ങേറ്റ ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായ പൃഥ്വിക്ക് രണ്ടാം മത്സരം നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ വെടിക്കെട്ട് തുടക്കം നല്‍കേണ്ടത് യുവതാരത്തെ സംബന്ധിച്ച് ടീമിലിടം നേടാന്‍ നിര്‍ണ്ണായകമാണ്. സഞ്ജു സാംസണിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നുണ്ട്. രണ്ടാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
    Published by:Sarath Mohanan
    First published:
    )}