ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | റോവിങ്ങില്‍ ചരിത്ര നേട്ടം; ഇന്ത്യന്‍ ജോഡി സെമി ഫൈനലില്‍

Tokyo Olympics | റോവിങ്ങില്‍ ചരിത്ര നേട്ടം; ഇന്ത്യന്‍ ജോഡി സെമി ഫൈനലില്‍

ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്.

ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്.

ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്.

  • Share this:

ടോക്യോ ഒളിമ്പിക്‌സിലെ റോവിങ്ങ് മത്സരത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനവുമായി അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദ് സിങ്ങും. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബ്ള്‍ സ്‌കള്ളിലാണ് ഇരുവരുമടങ്ങിയ ടീം സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്.

സീ ഫോറസ്റ്റ് വാട്ടര്‍വേയില്‍ നടന്ന മത്സരത്തില്‍ റെപഷെ റൗണ്ടില്‍ 6:51.36 എന്ന സമയത്തില്‍ മത്സരത്തില്‍ മൂന്നാമതായാണ് ഇന്ത്യന്‍ ജോഡി ഫിനിഷ് ചെയ്തത്. ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്. 12 ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് സെമി ഫൈനലുകളില്‍ നിന്ന് ആറു ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.

അതേ സമയം മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോം, പി വി സിന്ധു, മണിക ബത്ര എന്നിവര്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മുന്നേറിയിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് പി വി സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തകര്‍പ്പന്‍ ജയം.

വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് മത്സരത്തില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ടാം റൗണ്ട് മത്സരത്തില്‍ ഉക്രൈന്‍ താരമായ മാര്‍ഗരിറ്റ പെസോട്സ്‌കയെയാണ് ബത്ര പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കിയത്. ലോക റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലായിരുന്ന മാര്‍ഗരിറ്റ പെസോട്സ്‌കയെ 57 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് സെറ്റുകള്‍ സ്വന്തമാക്കിയാണ് ബത്ര വിജയം നേടിയത്. സ്‌കോര്‍ 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7.

ആറ് തവണ ലോക ചാമ്പ്യനും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ മേരി കോം 51 കിലോ ഫ്രീസ്‌റ്റൈല്‍ ബോക്‌സിങ്ങില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഹെര്‍ണാണ്ടസിനെ വനിതകളുടെ 4-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അതേസമയം ടെന്നിസില്‍ ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ - അങ്കിത റെയ്ന സഖ്യം ഉക്രൈന്റെ ഇരട്ട സഹോദരിമാരായ നാദിയ കിച്ചെനോക്ക് - ലിയൂഡ് മൈല സഖ്യത്തോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് ദയനീയമായി തോറ്റ അവര്‍ രണ്ടാം സെറ്റ് നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും മൂന്നാം സെറ്റില്‍ ഉക്രൈന്‍ സഖ്യത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴ്‌നടങ്ങുകയായിരുന്നു. സ്‌കോര്‍: 6-0, 6-7, 8-10.

നീന്തലില്‍ പുരുഷ വിഭാഗം 100 മീറ്റര്‍ ബാക്ക്‌സ്ട്രോക്കില്‍ മത്സരിക്കാന്‍ ഇറങ്ങിയ ശ്രീഹരി നടരാജ് ഹീറ്റ്സില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. മൊത്തം മത്സരാര്‍ഥികളില്‍ 27ആം സ്ഥാനത്തായതിനാല്‍ താരത്തിന് സെമിയിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ല.

First published:

Tags: Tokyo Olympics, Tokyo Olympics 2020