• HOME
  • »
  • NEWS
  • »
  • sports
  • »
  • Rohit Sharma on Dhoni | ഫിനിഷർ റോളിൽ താരത്തെ തേടുന്നു; ധോണിക്ക് ശേഷം അത്തരമൊരു താരത്തെ ലഭിച്ചിട്ടില്ല : രോഹിത് ശർമ

Rohit Sharma on Dhoni | ഫിനിഷർ റോളിൽ താരത്തെ തേടുന്നു; ധോണിക്ക് ശേഷം അത്തരമൊരു താരത്തെ ലഭിച്ചിട്ടില്ല : രോഹിത് ശർമ

അടുത്ത വർഷത്തെ ഏകദിന ലോകകപ്പിന് മുൻപ് തന്നെ അത്തരമൊരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീമെന്നും രോഹിത് പറഞ്ഞു.

രോഹിത് ശർമയും ധോണിയും (ഫയൽ ചിത്രം)  
Image credits: Twitter

രോഹിത് ശർമയും ധോണിയും (ഫയൽ ചിത്രം) Image credits: Twitter

  • Share this:
    എം എസ് ധോണിയുടെ (MS Dhoni) വിരമിക്കലിന് ശേഷം അദ്ദേഹത്തേപ്പോലെ നല്ലൊരു ഫിനിഷറെ ഇന്ത്യൻ ക്രിക്കറ്റിന് (Indian Cricket team) ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma). വെസ്റ്റിൻഡീസിനെതിരായ (IND vs WI) ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷത്തെ ഏകദിന ലോകകപ്പിന് മുൻപ് തന്നെ അത്തരമൊരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീമെന്നും രോഹിത് പറഞ്ഞു.

    നിലവിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോൾ ഏറ്റെടുത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഈ റോളിലേക്ക് കൂടുതൽ താരങ്ങളെ കണ്ടെത്തേണ്ടതുണ്ടെന്നും രോഹിത് ചൂണ്ടിക്കാട്ടി. ‘ഏകദിന ഫോർമാറ്റിൽ ഫിനിഷറുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. നിർഭാഗ്യവശാൽ എം എസ് ധോണി വിരമിച്ചതിന് ശേഷം അത്തരത്തിലൊരു നല്ല ഫിനിഷറെ നമുക്ക് ലഭിച്ചിട്ടില്ല’ രോഹിത് പറഞ്ഞു.

    ‘ധോണിക്ക് പകരം ഹാർദിക് പാണ്ഡ്യയെ നമ്മൾ പരീക്ഷിച്ചു. രവീന്ദ്ര ജഡേജയെയും ചില കളികളിൽ പരീക്ഷിച്ചു നോക്കി. എന്നാൽ, ഇവർക്ക് പുറമേ ഫിനിഷർ റോളിലേക്ക് കൂടുതൽ താരങ്ങളെ പരീക്ഷിക്കേണ്ടതുണ്ട്. ചില യുവതാരങ്ങൾക്ക് ഈ പരമ്പരയിൽ അവസരം കൊടുക്കുന്നതായിരിക്കും. ലഭിക്കുന്ന അവസരം അവർ പൂർണമായും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ.’ – രോഹിത് പറഞ്ഞു.

    ‘മത്സരത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് ഫിനിഷർ റോൾ കൈകാര്യം ചെയ്യുന്ന താരം ക്രീസിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ആ താരത്തിന്റെ പ്രകടനം മത്സരഫലം തന്നെ മാറ്റിമറിക്കുന്ന തരത്തിലാകണം.'- രോഹിത് കൂട്ടിച്ചേർത്തു.

    1000-ാ൦ ഏകദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ

    അതേസമയം, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏകദിനത്തിൽ തങ്ങളുടെ 1000-ാ൦ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് മത്സരത്തിൽ മേൽക്കൈ. ടോസ് നേടി വിൻഡീസിനെ ബാറ്റിങ്ങിന് അയച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ നടത്തുന്നത്.

    Also read- 1000th ODI | 1000 ഏകദിനങ്ങളെന്ന ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് രസകരമായ ചില വസ്തുതകൾ

    അവസാനം വിവരം ലഭിക്കുമ്പോൾ 41 ഓവറിൽ വിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറുമാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. 79 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്‌ടമായ അവരെ എട്ടാം വിക്കറ്റിൽ ജേസൺ ഹോൾഡറും (71 പന്തിൽ 57) ഫാബിയൻ അലനും (43 പന്തിൽ 29) കൂടി ചേർന്നാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസ് ഇന്നിങ്സിന്റെ അടിത്തറയായത്.  അഞ്ച് പന്തിൽ അഞ്ച് റൺസുമായി അൽസാരി ജോസഫും റൺ ഒന്നുമെടുക്കാതെ കെമാർ റോച്ചുമാണ് ക്രീസിൽ.
    Published by:Naveen
    First published: