നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു; നടപടി ചരിത്ര നേട്ടത്തിന് പിന്നാലെ

  Tokyo Olympics| ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു; നടപടി ചരിത്ര നേട്ടത്തിന് പിന്നാലെ

  2017 ലാണ് അദ്ദേഹം ഇന്ത്യന്‍ വനിതാ ടീം കോച്ചായെത്തുന്നത്. സ്യോര്‍ദിന്റെ പ്രകടന മികവ് മൂലം ഹോക്കി ഇന്ത്യ അധികൃതര്‍ പുരുഷ ടീമിന്റെ പരിശീലകനാക്കി.

  News18

  News18

  • Share this:
   ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി വെങ്കല മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റതിനു പിന്നാലെ പരിശീലകന്‍ ഹോളണ്ടുകാരനായ സ്യോര്‍ദ് മറിനെ രാജിവെച്ചു. ടീമിനൊപ്പമുള്ള അവസാനത്തെ മത്സരമായിരുന്നുവെന്ന് വൈകീട്ടു നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞ സ്യോര്‍ദ് നാടകീയമായാണു രാജി പ്രഖ്യാപിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളമുയുയര്‍ത്തി തന്നെയാണ് വനിതാ ഹോക്കി ടീം മടങ്ങുന്നത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ഇന്ത്യന്‍ വനിതകള്‍ ടോക്യോയിലേക്ക് വണ്ടി കയറിയത്.

   മത്സരശേഷം രാജ്യം ഒന്നടങ്കം ടീമിന് നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ട് പരിശീലകന്‍ രംഗത്തെത്തിയിരുന്നു. 'നമുക്ക് ഒരു മെഡല്‍ നേടാനായില്ല, പക്ഷേ നമ്മുടെ നേട്ടം അതിലും വലുതാണെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തി. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ പ്രചോദനം നല്‍കി.! എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.' മത്സരശേഷം സ്യോര്‍ദ് മറിനെ ട്വിറ്ററിലൂടെ പ്രതികരിച്ചു.

   2017 ലാണ് അദ്ദേഹം ഇന്ത്യന്‍ വനിതാ ടീം കോച്ചായെത്തുന്നത്. സ്യോര്‍ദിന്റെ പ്രകടന മികവ് മൂലം ഹോക്കി ഇന്ത്യ അധികൃതര്‍ പുരുഷ ടീമിന്റെ പരിശീലകനാക്കി. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം വനിതാ ടീം കോച്ച് സ്ഥാനത്തു തിരിച്ചെത്തി.

   അതേസമയം കരിയറില്‍ ഓര്‍ത്തു വെക്കാന്‍ ഒരു പിടി നല്ല ഓര്‍മകളാണ് ഇന്ത്യന്‍ വനിതാ ടീം ഈ പരിശീലകന് നല്‍കിയിരിക്കുന്നത്. പ്രാഥമിക റൗണ്ട് മറികടന്ന് ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് സെമിഫൈനലിലെത്തി മറിനെയുടെ ടീം ഏവരെയും അമ്പരപ്പിച്ചു. സെമിയിലും വെങ്കല മെഡല്‍ മത്സരത്തിലും വമ്പന്‍ പ്രകടനമാണ് ടീം ഇന്ത്യ നടത്തിയത്.

   വെങ്കല മെഡല്‍ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനോട് പൊരുതിത്തോറ്റ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയ ഇന്ത്യന്‍ വനിതാ സംഘത്തിന്റെ പ്രകടനത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും തോല്‍വിയില്‍ നിരാശ വേണ്ട എന്നും പറഞ്ഞ പ്രധാനമന്ത്രി തോല്‍വി ഉള്‍ക്കൊളളാനാവാതെ കരയുകയായിരുന്ന ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

   വെങ്കല മെഡല്‍ പോരാട്ടത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ ടീമുമായി ഫോണിലൂടെ സംസാരിച്ചത്. അദ്ദേഹം വിളിച്ചതിനും ആശ്വാസ വാക്കുകള്‍ പറഞ്ഞതിനും ക്യാപ്റ്റന്‍ റാണി രാംപാല്‍ നന്ദി പറഞ്ഞു. ടീമിലെ താരമായ നവനീത് കൗറിന് പറ്റിയ പരുക്കിനെ കുറിച്ച് പ്രത്യേകം അന്വേഷിച്ച പ്രധാനമന്ത്രി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് അനുമോദിക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ പക്ഷെ അപ്പോഴും കരയുകയായിരുന്നു. താരങ്ങളുടെ കരച്ചില്‍ കേട്ട പ്രധാനമന്ത്രി അവരോട് കരയരുതെന്നും ഇന്നത്തെ പ്രകടനത്തില്‍ നിരാശ ഒട്ടും തന്നെ വേണ്ട എന്നും ടോക്യോയിലെ വനിതാ ടീമിന്റെ പ്രകടനം രാജ്യത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം പ്രചോദനമാണെന്നും പറഞ്ഞു. തങ്ങളെ വിളിച്ച് ആശ്വാസ വാക്കുകള്‍ പറഞ്ഞതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നന്ദി അറിയിച്ചു.
   Published by:Sarath Mohanan
   First published:
   )}