• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം, ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

Tokyo Olympics | ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം, ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

വന്ദന കത്താരിയയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യക്ക് ആവേശകരമായ ജയം സമ്മാനിച്ചത്.

News18 Malayalam

News18 Malayalam

  • Share this:
    ഒളിമ്പിക്‌സ് ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നിനെതിരെ നാലു ഗോളുകളുടെ ജയം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ഹോക്കി ടീം. വന്ദന കത്താരിയയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യക്ക് ആവേശകരമായ ജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതോടെ ഇന്ത്യന്‍ ഹോക്കി വനിതകള്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. പൂള്‍ എ യിലെ ഇന്നത്തെ മത്സരത്തില്‍ ബ്രിട്ടനോട് അയര്‍ലന്‍ഡ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കും.

    ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിഡ് ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആക്രമണത്തിലും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലും കുറച്ചു പിന്നിലായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വന്ദന കത്താരിയയിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിന്‍ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17ആം മിനിറ്റില്‍ ദീപ ഗ്രേസ് ഫ്‌ളിക് ചെയ്ത് തന്ന പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30ആം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് എറിന്‍ ഹണ്ടര്‍ ഇന്ത്യക്കെതിരെ സമനില ഗോള്‍ കണ്ടെത്തി.

    32ആം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39ആം മിനിറ്റില്‍ മാരിസെന്‍ മാറയ്‌സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും മത്സരത്തില്‍ ഇന്ത്യക്കൊപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 49ആം മിനിറ്റില്‍ വന്ദന കത്താരിയ ഇന്ത്യയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.

    ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു

    ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

    കമല്‍പ്രീത് കൗര്‍ ഡിസ്‌കസ് ത്രോ ഫൈനലിലേക്ക് ഏറ്റവും മികച്ച 12 പേരിലൊരാളായി കടക്കുമെന്ന നിലയിലാണ്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. ബോക്‌സിങ്ങിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

    ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാന്‍ കഴിയും. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.
    Published by:Sarath Mohanan
    First published: