പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിന് പിന്നാലെ ഒളിമ്പിക്സ് ഗുസ്തിയിലും ഇന്ത്യക്ക് തിരിച്ചടി. വനിതകളുടെ പോരാട്ടത്തില്‍ സോനം മാലിക് ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്. മംഗോളിയയുടെ ബൊലോര്ട്ടുയ ഖുറേലക്കുവിനോടാണ് താരം പരാജയപ്പെട്ടത്. 2-2നാണ് മത്സരം അവസാനിച്ചത്. മത്സരത്തില്‍ ഇരുതാരങ്ങളും മികച്ചു നിന്നെങ്കിലും അവസാന മിനിറ്റുകളില്‍ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ താരത്തെ ബൊലോര്ട്ടുയ മലര്‍ത്തിയടിച്ചത്. മത്സരം തുല്യതയിലായതിനെ തുടര്‍ന്ന് അവസാന നീക്കത്തിലെ പോയിന്റ് പരിഗണിച്ചാണ് മംഗോളിയന്‍ താരത്തെ ജേതാവായി പ്രഖ്യാപിച്ചത്.
62 കിലോഗ്രാം വിഭാഗത്തിലാണ് സോനം മാലിക് മത്സരിക്കാനിറങ്ങിയത്. മുപ്പത് സെക്കന്‍ഡുകള്‍ മാത്രം മത്സരത്തില്‍ അവശേഷിക്കവേ ഇന്ത്യന്‍ താരം 2-0ന് മുന്നിലായിരുന്നുവെങ്കിലും മംഗോളിയന്‍ താരം 2-2ന് ഒപ്പമെത്തി. സോനം നേടിയത് വണ്‍ പോയിന്റ് മൂവാണെങ്കില്‍ സോനത്തിനെതിരെ 2 പോയിന്റ് മൂവ് നടത്തിയത് മംഗോളിയന്‍ താരത്തിന് തുണയായി. 19 വയസ്സുകാരി ഇന്ത്യന്‍ താരം ദേശീയ ഗെയിംസിലും കേഡറ്റ് ലോക ഗുസ്തിയിലും സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്.
ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിരാശ; പുരുഷ വിഭാഗം ഫൈനല്‍ കാണാതെ പുറത്ത്ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ ടീം ഫൈനല്‍ കാണാതെ പുറത്തായി. സെമിഫൈനലില്‍ 2-5 എന്ന സ്കോറിന് ഇന്ത്യ ബെല്‍ജിയത്തോട് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് നേടിയ ഹാട്രിക്കാണ് ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ സ്വര്‍ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇനി വെങ്കല മെഡലിന് വേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കാം.
ആദ്യ രണ്ട് ക്വാര്ട്ടറുകള് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബെല്‍ജിയം സ്കോര്‍ ചെയ്തോടെ ഇന്ത്യ ഒരു ഗോളിന് പിന്നിലായിരുന്നു. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് സ്കോര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് ഒരു പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുകയും ആദ്യ പാദത്തില്‍ തുറന്ന അവസരത്തില്‍ നിന്ന് മന്ദീപ് ഗോള്‍ നേടുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.
നീണ്ട 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്സ് സെമിയില്‍ കടന്നത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്.
എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങള്‍ ടോക്യോയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവര്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്ക്കുന്നു. ഒളിമ്പിക്സില്‍ അവര്‍ ആകെ പുറകോട്ട് പോയത് ഓസ്ട്രേലിയയോട് മാത്രമായിരുന്നു. എന്നാല്‍ ഇതിന് ശേഷം തുടര്‍ ജയങ്ങള്‍ നേടി അവര്‍ ആ തോല്‍വിയുടെ നിരാശ മായ്ച്ചുകളയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.