ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics| ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കും; സ്വർണ മെഡൽ നേടുവാൻ സിന്ധുവിന് കഴിയും - പുല്ലേല ഗോപീചന്ദ്

Tokyo Olympics| ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കും; സ്വർണ മെഡൽ നേടുവാൻ സിന്ധുവിന് കഴിയും - പുല്ലേല ഗോപീചന്ദ്

പുല്ലേല ഗോപീചന്ദ് _ പി വി സിന്ധു (ഫയൽ ചിത്രം)

പുല്ലേല ഗോപീചന്ദ് _ പി വി സിന്ധു (ഫയൽ ചിത്രം)

ഇത്തവണ സർക്കാരിൽ നിന്നും മുമ്പുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇത് താരങ്ങളുടെ പ്രകടനങ്ങളിൽ പ്രതിഫലിക്കും.

  • Share this:

ടോക്യോയിൽ നടക്കുന്ന ഒളിംപിക്സിൽ ഇത്തവണ ഇന്ത്യക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രശസ്ത ബാഡ്മിന്റൺ പരിശീലകനായ പുല്ലേല ഗോപീചന്ദ്. ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കുമെന്നാണ് ഗോപീചന്ദ് അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ഇന്ത്യക്കായി സ്വർണ മെഡൽ നേട്ടം കൈവരിക്കാൻ ബാഡ്മിന്റൺ താരവും ഗോപീചന്ദിന്റെ ശിഷ്യ കൂടിയായ പി വി സിന്ധുവിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദ്രോണാചാര്യ അവാർഡ് ജേതാവായ പരിശീലകൻ പറഞ്ഞു.

ഒളിംപിക്സിൽ ഇതുവരെയുള്ള പ്രകടനങ്ങളെയെല്ലാം മറികടക്കുന്ന പ്രകടനമാകും ഇത്തവണത്തെ ഇന്ത്യൻ സംഘം പുറത്തെടുക്കുക എന്നാണ് പ്രതീക്ഷ. 2012ൽ നടന്ന ലണ്ടന്‍ ഒളിംപിക്‌സിൽ കരസ്ഥമാക്കിയ ആറ് മെഡല്‍ നേട്ടം ടോക്യോയിൽ ഇന്ത്യൻ സംഘം മറികടന്നേക്കും. ഇത്തവണ സർക്കാരിൽ നിന്നും മുമ്പുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇത് താരങ്ങളുടെ പ്രകടനങ്ങളിൽ പ്രതിഫലിക്കും. - ഗോപീചന്ദ് പറഞ്ഞു.

ഇത്തവണയും ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്ന ഇനങ്ങളിലൊന്നാണ് ബാഡ്മിന്റൻ. ബാഡ്മിന്റണിന് പുറമെ ഗുസ്തി, ബോക്സിങ്, ഷൂട്ടിങ് ഇനങ്ങളിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്. ബാഡ്മിന്റണിൽ ഈ ഒളിംപിക്സിൽ ഇന്ത്യക്ക് കൂടുതൽ മെഡൽ സാധ്യതകളുണ്ട്. ഇതിൽ സ്വർണം നേടാൻ സിന്ധുവിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. സിന്ധുവിന് പുറമെ ചിരാഗ്, സാത്വിക് എന്നിവർക്കും മെഡൽ സാധ്യതയുണ്ട്. സായ് പ്രണീതിന് കാര്യങ്ങൾ കുറച്ച് കടുപ്പമാണ്. ലോക ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനം ഇവിടെയും തുടരാനായാൽ സായിക്കും മെഡൽ നേടാം. - ഗോപീചന്ദ് വ്യക്തമാക്കി.

അസാധാരണമായ ഒരു സമയത്താണ് ഇത്തവണത്തെ ഒളിംപിക്‌സ് നടക്കുന്നത്. സാധാരണ ആഘോഷപൂർവമായി നടത്തേണ്ടിയിരുന്ന കായിക മാമാങ്കം ഇത്തവണ കോവിഡ് പ്രതിസന്ധികൾക്ക് നടുവിലാണ് നടക്കുന്നത്. ഓരോ ദിവസമുള്ള പരിശോധനകളും മറ്റ് കാര്യങ്ങളും താരങ്ങളുടെ സമ്മർദ്ദം കൂട്ടുന്നു. എന്നിരുന്നാലും ഇത്തവണ ഒളിംപിക്സിന് വന്ന ഇന്ത്യൻ സംഘം ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് മികച്ച പ്രകടനം തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് വലിയ സമ്മാനങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഡ് സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക അറിയിച്ചിരിക്കുന്നത്. സ്വര്‍ണ മെഡല്‍ ജയിക്കുന്ന താരങ്ങള്‍ക്ക് ഈ സര്‍ക്കാരുകള്‍ ആറ് കോടി രൂപ പാരിതോഷികം നല്‍കും. കേന്ദ്രം നല്‍കുന്ന 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡിന് പുറമെയാണ് സംസ്ഥാന സർക്കാരുകൾ ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ തുടക്കമാകുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച് പതാകയേന്തുക ഇന്ത്യയുടെ ബോക്സിങ് ഇതിഹാസ താരമായ മേരി കോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായ മൻപ്രീത് സിങ്ങുമാണ്. സ്ത്രീ - പുരുഷ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ കൈക്കൊണ്ടത്. ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ ഗുസ്തി താരം ഭജരംഗ് പുനിയ ഇന്ത്യൻ പതാകയേന്തും.

First published:

Tags: Badminton, P.V. Sindhu, Tokyo Olympics, Tokyo Olympics 2020