ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിങ് ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിന്റെ പരിക്കാണ് ഇപ്പോള്‍ ഇന്ത്യയെ വലയ്ക്കുന്നത്. ഗില്ലിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്നും ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ഗില്ലിന് ഒരുപക്ഷെ ടെസ്റ്റ് പരമ്പര തന്നെ നഷ്ടമായേക്കാമെന്നും സൂചനകളുണ്ട്. എന്നാല്‍ പരിക്കുണ്ടെങ്കിലു താരം തല്ക്കാലം ടീമിനൊപ്പം തന്നെ തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 4ന് നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
താരത്തിന് ഇന്റേണല്‍ ഇഞ്ച്വറിയുണ്ടെന്നും അത് അത്യാവശ്യം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ പരമ്പരയില്‍ ഏതെങ്കിലും ടെസ്റ്റില്‍ ഗില്ലിനെ കളിപ്പിക്കാനാകുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. പരിക്ക് മൂലം ഗില്ലിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 20 അംഗ ടീമിലുള്ള മായങ്ക് അഗര്‍വാളോ കെ എല്‍ രാഹുലോ ആകും ടെസ്റ്റില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവുക. രോഹിത്തിനൊപ്പം ഓപ്പണറായി തിളങ്ങിയിട്ടുള്ള മായങ്കിന് ഗില്ലിന്റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഈയിടെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മായങ്ക് മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. അടുത്ത മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡര്‍ഹാമില്‍ തുടങ്ങുക. അതേസമയം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ടീമുമായി നാല് ദിവസത്തെയും കൗണ്ടി ടീമുമായി മൂന്ന് ദിവസത്തെയും രണ്ട് പരിശീലന മത്സരങ്ങള്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്കായി ഒരുക്കിയേക്കും.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Vs England, Indian cricket player, Shubman Gill, Test Series